ന്യൂഡല്‍ഹി: നാരദ കൈക്കൂലികേസില്‍ അറസ്റ്റ് ചെയ്ത പശ്ചിമം ബംഗാളിലെ രണ്ട മന്ത്രിമാരടക്കമുളള നാല് തൃണമൂല്‍ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനുളള കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ വിശാല ബെഞ്ചിന് വിട്ട നടപടിയേയും ചോദ്യം ചെയ്തു. ഇതോടെ കേസ് പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ഇന്നലെ കേസ് പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റീസ് രാജേഷ് ബിന്ദാല് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് ഏഴുവര്‍ഷം പഴക്കമുളള കേസില്‍ ഇപ്പോഴുണ്ടായ അടിയന്തിര കുറ്റപത്ര സമര്‍പ്പണത്തിന്റെയും അറസറ്റിന്റെയും കാരണം തേടി.
കേസില്‍ ജാമ്യം അനുവദിക്കുന്നതില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് അരിജിത് ബാനര്‍ജിയും തമ്മില്‍ വിയോജിപ്പുണ്ടായതോടെയാണ് കേസ് അഞ്ചംഗ വിശാലബെഞ്ചിന് വിട്ടത്. അന്തിമ തീരുമാനം എടുക്കുന്നതുവരെ നേതാക്കളെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക കോടതി നല്കിയ ഉത്തരവ് സ്റ്റേ ചെയ്ത നടപടിക്കെതിരെ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രതാ മുഖര്‍ജി ,എംല്‍എ മദന്‍മിത്ര,മുന്‍ കൊല്‍ക്കൊത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് കൊല്‍ക്കൊത്ത ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി രംഗത്തെത്തിയിരുന്നു. നാരദ കേസ് ഗവര്‍ണര്‍ സിബിഐക്ക് വിട്ടത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരെ പരാതി നല്കാന് കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ ജനങ്ങള്‍ പോലീസിന് പരാതി നല്‍കണമെന്നും കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചു.

