ദുബൈ | പാകിസ്താനിൽ ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ. ലബനാനിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുകിട്ടണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ നിറവേറ്റാതെ ചർച്ചകൾ ആരംഭിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. നേരത്തെ യു എസ് അധികൃതരുമായി ഈ കാര്യങ്ങളിൽ ധാരണയിലെത്തിയതാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടു.
. രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്
അതേസമയം ഇറാന്റെ ഈ നീക്കത്തോട് രൂക്ഷമായ ഭാഷയിലാണ് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രതികരിച്ചത്. ഇറാൻ തങ്ങളെ കളിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും അത്തരം നീക്കങ്ങൾ ചർച്ചാ സംഘം അംഗീകരിക്കില്ലെന്നും പാകിസ്താനിലേക്ക് പുറപ്പെടും മുൻപ് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ യു എസ് ഇസ്റായേൽ വ്യോമാക്രമണങ്ങൾ ഇറാനിൽ താത്കാലികമായി നിലച്ചിട്ടുണ്ടെങ്കിലും ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്റായേൽ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച തെക്കൻ ലബനാനിലുണ്ടായ ആക്രമണങ്ങളിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പന്ത്രണ്ടിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ചർച്ചകൾക്കായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാക്കിസ്ഥാനിലേക്ക് തിരിച്ചു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾക്കായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാക്കിസ്ഥാനിലേക്ക് തിരിച്ചു. ഇറാനുമായുള്ള ചർച്ചകൾക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചർച്ചകളുടെ ഫലത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നും യാത്ര പുറപ്പെടും മുമ്പ് വാൻസ് വ്യക്തമാക്കി. ഇറാൻ ആത്മാർത്ഥതയോടെ സമീപിക്കുകയാണെങ്കിൽ ചർച്ചകൾ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം വാൻസിനൊപ്പം
വെസ്റ്റ് ഏഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നയതന്ത്ര നീക്കം. ചർച്ചകളിൽ ട്രംപ് ഭരണകൂടം കർശനമായ നിബന്ധനകളും ‘റെഡ് ലൈനുകളും’ നിശ്ചയിച്ചിട്ടുണ്ടെന്നും കരാറിൽ കൃത്യമായ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും വാൻസ് സൂചിപ്പിച്ചു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് വാൻസിനൊപ്പം ഇസ്ലാമാബാദിലെ ചർച്ചകളിൽ പങ്കെടുക്കുന്നത് .


