കൊച്ചി: എറണാകുളം മേനക ജംക്ഷനില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ, ബസ് ഡ്രൈവർ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അനൂപിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. മേനക ജംക്ഷനില്‍ യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ടിരുന്ന സ്വകാര്യബസിനെ ആലുവ-ഇടക്കൊച്ചി പാതയിലോടുന്ന ‘സജിമോൻ’ എന്ന ബസ് അമിതവേഗത്തിൽ മറികടക്കുമ്പോഴായിരുന്നു അപകടം.
ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിന് നടപടിയെടുക്കും
മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തില്‍ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിനും മന:പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിന് നടപടിയെടുക്കുമെന്ന് എറണാകുളം സെൻട്രല്‍ പൊലീസ് അറിയിച്ചു. കൂടാതെ, അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരെ എട്ട് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മേരി സനിതയുടെ സംസ്കാരം നടത്തി.
അപകടത്തില്‍ മരിച്ച ഫോർട്ട്കൊച്ചി നസ്രേത്ത് സ്വദേശി മേരി സനിതയുടെ സംസ്കാരം മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയില്‍ മാർച്ച് 15ന് വൈകിട്ട് നടത്തി. 14 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഭർത്താവ് ലോറൻസിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച സനിത അപകടത്തില്‍ മരിച്ചത്. ഭർത്താവായ ലോറൻസിനും പരിക്കേറ്റിരുന്നു


