തളിപ്പറമ്പ്: കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കാൻ കേന്ദ്രം സാമ്പത്തിക ഉപരോധം തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിനെതിരേ എല്ലാ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ നമ്പർ വണ്‍ ആയ കേരളത്തെ കേന്ദ്ര സർക്കാർ വലിയ തോതില്‍ അവഗണിക്കുകയാണ്.സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി.
കേന്ദ്രം കർഷകരെ നോവിക്കുകയാണ്
കേന്ദ്രബജറ്റില്‍ കേരളത്തിന് വലിയ അവഗണനയാണ് ഉണ്ടായത്. രാസവള സബ്സിഡി വെട്ടിച്ചുരുക്കിയും കാർഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നൽകാതെയും കേന്ദ്രം കർഷകരെ നോവിക്കുകയാണ്. ഈ രാജ്യത്തെ ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നമുക്ക് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹത പ്പെട്ടതാണ് ആവശ്യപ്പെടുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും എയിംസ് അനുവദിച്ചില്ല. വിഴിഞ്ഞം പോർട്ടിന് യാതൊരു പിന്തുണയും ലഭ്യമാക്കിയില്ല.
കോണ്‍ഗ്രസും ലീഗും മുഖംതിരിച്ചു നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്
കേന്ദ്ര അവഗണനയ്ക്കെതിരേ ഒരുമിച്ച് നില്ക്കേണ്ട സമയത്ത് കോണ്‍ഗ്രസും ലീഗും മുഖംതിരിച്ചു നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വയനാട് ചൂരല്‍ദുരന്ത സമയത്ത് ഇവർ ഒന്നിച്ചു നിന്നിരുന്നു. അത്തരത്തിലുള്ള ഒരുമ നാടിനുവേണ്ടി ഇനിയും ഉണ്ടാകണമെന്നും പിണറായി വിജയൻ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷനായിരുന്നു.