റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലിസും കോടതികളും യാതൊരുവിധ ആലോചനയുമില്ലാതെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തുന്നതായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്തവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ആര്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തരുതെന്ന് സുപ്രിംകോടതി. നിയമം അനുശാസിക്കുന്ന ഏറ്റവും ഉന്നതമായ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കണം ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ എടുക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എ എസ് ഓഖ, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആത്മഹത്യപ്രേരണാക്കുറ്റം പോലിസും കോടതികളും യാതൊരുവിധ ആലോചനയുമില്ലാതെ ചുമത്തുന്നതായും സുപ്രിംകോടതി വിമര്‍ശിച്ചു.

വിചാരണ കോടതികളും വളരെയധികം ജാഗ്രതയും സൂക്ഷ്മതയും പാലിക്കണം.

” പ്രതിയാവാന്‍ സാധ്യതയുള്ള വ്യക്തിയുടെയും മരിച്ചയാളുടെയും പെരുമാറ്റം, അവര്‍ തമ്മിലുള്ള ഇടപെടലുകള്‍ എന്നിവയെ പ്രായോഗിക വീക്ഷണകോണില്‍ നിന്ന് സമീപിക്കണം. ദൈനംദിന ജീവിതത്തിലെ സാധാരണ സംഭവങ്ങളെ വേര്‍പെടുത്തണം. എന്നിട്ട് തെളിവുകള്‍ കണ്ടെത്തണം. രണ്ടു പേര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയൊന്നും തെളിവായി ഉപയോഗിക്കരുത്. നിയമത്തെക്കുറിച്ച്‌ അന്വേഷണ ഏജന്‍സികള്‍ ബോധവാന്മാരാകേണ്ട സമയമാണിത്. വിചാരണ കോടതികളും വളരെയധികം ജാഗ്രതയും സൂക്ഷ്മതയും പാലിക്കണം. പരാതി തന്നതിനാല്‍ കേസെടുത്തു, പ്രതിചേര്‍ത്തു എന്ന നിലപാട് പോലിസും കോടതികളും ഉപേക്ഷിക്കണം.”-സുപ്രിംകോടതി പറഞ്ഞു.

വായ്പക്ക് ജാമ്യം നിന്നയാളില്‍ നിന്ന് പണം ചോദിക്കുക മാത്രമാണ് മാനേജര്‍ ചെയ്തത്

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ സഹകരണ ബാങ്കിലെ മാനേജരായ മഹേന്ദ്ര അവാസെക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതി നിരീക്ഷണം. സൊസൈറ്റിയില്‍ നിന്ന് വായ്പയെടുത്ത ഒരാള്‍ക്ക് ജാമ്യം നിന്ന രണ്‍ജീത് സിംഗ് എന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ മാനേജര്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ആത്മഹത്യക്കുറിപ്പുണ്ടായിരുന്നത്. തുടര്‍ന്ന് പോലിസ് എടുത്ത കേസ് റദ്ദാക്കാന്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. വായ്പക്ക് ജാമ്യം നിന്നയാളില്‍ നിന്ന് പണം ചോദിക്കുക മാത്രമാണ് മാനേജര്‍ ചെയ്തതെന്ന് ഹരജി പരിഗണിച്ച സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അത് മാനേജരുടെ ജോലിയുടെ ഭാഗമാണ്. സ്ഥാപനത്തിന് വേണ്ടി പണം പിരിച്ചെടുക്കല്‍ മാനേജരുടെ ജോലിയാണ്. അതിനാല്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താന്‍ കഴിയില്ല. രണ്‍ജീത് സിംഗ് മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *