സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് തൃശൂർ പൂരം കലക്കിയതെന്ന് കെ.പി.എ മജീദ് എംഎല്‍എ

കോഴിക്കോട്: സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് പിണറായിയുടെ പൊലീസ് തൃശൂർ പൂരം കലക്കിയതെന്നും ഈ വിവരം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് മുസ്‌ലിം ലീഗിനെ തീവ്രവാദത്തിലേക്ക് കൂട്ടിക്കെട്ടുന്നതെന്നും കെ.പി.എ മജീദ് എംഎല്‍എ. ഹൈന്ദവരുടെ ഹൃദയ വികാരവും തൃശൂരിന്റെ പൊതു ഉത്സവവുമായ തൃശൂർ പൂരം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി അലങ്കോലമാക്കാൻ പിണറായി സർക്കാർ കൂട്ടുനിന്നുവെന്ന ആരോപണം നിയമസഭക്ക് അകത്തും പുറത്തും ഉന്നയിച്ചത് സിപിഐക്കാരനായ മന്ത്രിയും അവിടുത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ സുനില്‍കുമാറാണ്.

ആരോപണം ലീഗിന്റെതാക്കി തടിതപ്പാനുളള കുരുട്ടുവിദ്യക്ക് പുറമെ എസ്ഡിപിഐയുമായി മുസ്ലിംലീഗ് കൂട്ടുകൂടിയെന്ന കല്ലുവെച്ച നുണയും പിണറായി ആരോപിക്കുകയാണെന്നും മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറിയായ കെപിഎ മജീദ് പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനുള്ള വിടുവായത്തം

നേരിട്ട് സാർവദേശീയ ഭീകര ബന്ധമില്ലെങ്കിലും അതുള്ളവരുമായി ചേർന്ന് നില്‍ക്കാൻ ലീഗ് മടിക്കുന്നില്ലെന്ന പിണറായിയുടെ ജല്‍പനം ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനുള്ള വിടുവായത്തം മാത്രമാണ്. തരാതരം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ താരാട്ടുകയും പാലൂട്ടുകയും ചെയ്യുന്നവരാണ് സിപിഎം. ഇപ്പോള്‍ വലിയ ഭീകരനായി സിപിഎം അവതരിപ്പിക്കുന്ന അബ്ദുന്നാസർ മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ച്‌ വെള്ളപൂശിയ പഴയ പ്രസംഗങ്ങള്‍ പിണറായി കേള്‍ക്കുന്നത് നന്നാവും. സംഘപരിവാറിന് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാൻ തൃശൂർ പൂരം ആസൂത്രിതമായി കലക്കിയ പിണറായി, ഹൈന്ദവ വികാരം പേടിച്ച്‌ ന്യായീകരിക്കുന്നില്ലെങ്കിലും ആ ക്വട്ടേഷൻ പരസ്യമായതിന്റെ പേരില്‍ സംഘപരിവാറിന് നീരസം ഉണ്ടാവരുതെന്നും ഉറപ്പാക്കുന്നു.

ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ബിജെപിയെ വിജയിപ്പിക്കാനും ചേലക്കരയില്‍ സംഘ്പരിവാർ വോട്ട് ഉറപ്പാക്കാനും ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനാണ് പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ ബാന്ധവമുണ്ടാക്കിയ സിപിഎമ്മിന്റെ ശ്രമം. അവസരവാദ വർഗീയ രാഷ്ട്രീയം ഇനി കേരളത്തില്‍ വിലപ്പോവില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെ ബോധ്യപ്പെടുത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു

Share
അഭിപ്രായം എഴുതാം