റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു

ബംഗളൂരു : ഹെന്നൂരിലെ ബാബുസ പാളയയില്‍ ഏഴുനില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു..ഒക്ടോബർ 23 ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. മരിച്ച എട്ടുപേരും തൊഴിലാളികളാണ്.

ബിഹാർ സ്വദേശികളായ ഹർമൻ (26), ത്രിപാല്‍ (35), മുഹമ്മദ് സാഹില്‍ (19), പഷ്വാൻ, തമിഴ്നാട് സ്വദേശികളായ സത്യരാജു (25), മണികണ്ഠൻ, ആന്ധ്ര സ്വദേശി തുളസി റെഡ്ഡി, യു.പി സ്വദേശി പുല്‍ചാൻ യാദവ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ ജഗദേവി (45), റഷീദ് (28), നാഗരാജു (25), രമേശ് കുമാർ (28), ഹർമൻ (22), അയാസ് (40) എന്നിവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കെട്ടിടത്തിന്റെ സഹ ഉടമയായ മല്ലേശ്വരം സ്വദേശി ഭുവൻ റെഡ്ഡിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു

അപകടത്തില്‍ രക്ഷപ്പെട്ട തൊഴിലാളിയായ മുഹമ്മദ് അർഷാദ് (27) എന്നയാളുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കെട്ടിടത്തിന്റെ സഹ ഉടമയായ മല്ലേശ്വരം സ്വദേശി ഭുവൻ റെഡ്ഡിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. കെട്ടിടത്തിലെ ആദ്യ നാലുനില പണിത കരാറുകാരനായ മുനിയപ്പയെയും കസ്റ്റഡിയിലെടുത്തതായി ഈസ്റ്റ് ഡി.സി.പി ഡി. ദേവരാജ അറിയിച്ചു. നിലവിലെ കരാറുകാരനായ ഏളുമലൈയും ഒളിവിലാണ്.ഭാരതീയ ന്യായ സംഹിത, ബി.ബി.എം.പി ആക്‌ട്, റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ആക്‌ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭുവൻ റെഡ്ഡിയുടെ പിതാവും കെട്ടിട സഹ ഉടമയുമായ മോഹൻ റെഡ്ഡി ഒളിവിലാണ്. ബാബുസ പാളയ അഞ്ജനാദ്രി ലേഔട്ടില്‍ പാർക്കിങ് ഏരിയ അടക്കം ഏഴുനിലയുള്ള കെട്ടിടം ചൊവ്വാഴ്ച വൈകീട്ട് 3.40ന് തകർന്നുവീഴുകയായിരുന്നു.

അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മൂന്നുനില അധികമായി പണിതത്

ബംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തൊഴില്‍മന്ത്രി സന്തോഷ് ലാഡ്, ബി.ബി.എം.പി ചീഫ് തുഷാർ ഗിരിനാഥ് എന്നിവർ 23 ബുധനാഴ്ച അപകടസ്ഥലം സന്ദർശിച്ചു. മതിയായ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മൂന്നുനില അധികമായി പണിതതെന്ന് ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *