റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അജിത്കുമാറിന്റെ “പൂരം “റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി: വീണ്ടും അന്വേഷണം

September 26, 2024 - 12:23 pm

തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം ഉണ്ടാകും. ഡിജിപി ദർവേഷ് സാഹിബ് ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നാണു ശുപാർശ. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശുപാർശയുണ്ട്.

മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.

ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് വന്നശേഷം വിഷയത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. എഡിജിപിയുടെ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തതോടെ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ സാധ്യത

തൃശൂർ പൂരം നടത്തിപ്പിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് എഡിജിപിക്കെതിരെയും അന്വേഷണത്തിനു ശുപാർശ ചെയ്തിരിക്കുന്നത്. എഡിജിപിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ സാധ്യതയുണ്ട്.

അജിത് കുമാറിന്റെ റിപ്പോർട്ടിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്.

പൂരം അലങ്കോലപ്പെട്ടതിൽ തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോർട്ട്. സാധാരണ കീഴുദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാൽ, ഈ വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാൽ റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിച്ചു. തുടർന്ന് പൂരസമയത്ത് തൃശൂരിൽ ഉണ്ടായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ വരുത്തിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്.

തൃശൂർ പൊലീസ് ക്ലബ്ബിലുണ്ടായിരുന്നിട്ടും എഡിജിപി ഇടപെട്ടില്ല.

പൂരം കലങ്ങിയതു സംബന്ധിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടും എഡിജിപി 5 മാസം കാലതാമസം വരുത്തിയതായി ഡിജിപി ചൂണ്ടിക്കാട്ടി. പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേർന്നു തയാറാക്കിയ ക്രമീകരണങ്ങളിൽ അവസാനനിമിഷം മാറ്റം വരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂർ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നതായാണു സൂചന. മന്ത്രിമാർ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പുലർച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരിൽനിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *