കോട്ടയം: മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുമായി അകന്ന ക്രിസ്ത്യൻ മതവിഭാഗത്തെ ലക്ഷ്യമിട്ട് ബിജെപി. സംസ്ഥാനത്തെ മുഴുവൻ ക്രിസ്ത്യൻ വീടുകളിലേക്കും ക്രിസ്മസ് ആശംസകളുമായി ബിജെപി നേതാക്കളെത്തും. സ്നേഹ യാത്ര എന്ന് പേരിട്ടിരിക്കുന്ന ഭവന സന്ദർശനം ഡിസംബർ 20 നും 30 നും ഇടയിൽ പൂർത്തിയാക്കും. പ്രാദേശിക നേതാക്കൾക്കൊപ്പം സംസ്ഥാന – ദേശീയ നേതാക്കളും ഭവന സന്ദർശനത്തിൽ പങ്കാളികളാകും.
ഈ മാസം തന്നെ എല്ലാ ജില്ലകളിലും എൻഡിഎ കൺവൻഷനുകൾ സംഘടിപ്പിക്കും. അതിന് ശേഷം സംസ്ഥാന അധ്യക്ഷൻറെ നേതൃത്വത്തിൽ പദയാത്രയും നടത്തും. ജനുവരിയിലാണ് 20 പാർലമെൻറ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര സംഘടിപ്പിക്കുന്നത്…എൻഡിഎ യുടെ നേതൃത്വത്തിലാകും പദയാത്ര.25000 പ്രവർത്തകരെ ഓരോ ദിവസവും പദയാത്രയിൽ പങ്കെടുപ്പിക്കും.
നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും ചെറുതല്ലാത്ത ചലനങ്ങൾ ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കർണ്ണാടക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തിൽ 2019 ആവർത്തിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോൺഗ്രസ്സിന് കരുത്തില്ലെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുലക്ഷ്യമിട്ട് സിപിഎം ശക്തമാക്കും.ഇക്കുറിയെങ്കിലും ലോക്സഭയിലേക്ക് കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യവുമായി ബിജെപിയും കച്ച മുറുക്കുകയാണ്

