ന്യൂഡൽഹി: ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റുമായി നിറഞ്ഞാടിയ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ലോകകപ്പിലെ രണ്ടാം ജയം ആഘോഷിച്ചു. ആദ്യം ബാറ്റ്ചെയ്ത അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 273 റൺസ് ലക്ഷ്യം ഇന്ത്യ 90 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്.
നായകൻ രോഹിത് ശർമയുടെ 131(84) സെഞ്ചുറിയാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. 63 പന്തിൽ 100 തികച്ച രോഹിതിന്റെ ബാറ്റിൽ നിന്നും 16 ബൗണ്ടറികളും 5 സിക്സറുകളും പിറന്നു. സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മത്സരത്തിലെ താരം.
ഇതിനിടെ ഒട്ടേറെ നാഴികക്കല്ലുകളും രോഹിത് ശർമ്മ പിന്നിട്ടു. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി (7) നേടുന്ന താരമായി രോഹിത്. അറ് സെഞ്ച്വറി നേടിയ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് രോഹിത് മറികടന്നത്. ലോകകപ്പിൽ ഏറ്റവും വേഗതയിൽ 1000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന നേട്ടവും ഡേവിഡ് വാർണർക്കൊപ്പം ഇനി രോഹിതിന് സ്വന്തം. 19 ഇന്നിങ്സിൽ നിന്നാണ് ഈ നേട്ടം. 20 ഇന്നിങ്സിൽ നിന്നും 1000 നേടിയ സച്ചിനെ തന്നെയാണ് രോഹിത് ഇവിടെയും പിന്നിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന ക്രിസ് ഗെയിലിന്റെ റെക്കോഡും പഴങ്കഥയായി. 554 സിക്സ് നേടിയതോടെയാണ് ഈ നേട്ടവും രോഹിതിനെ തേടിയെത്തിയത്. രോഹിത് പുറത്തായ ശേഷം എത്തിയ ശ്രേയസ് അയ്യരെ കൂട്ട് പിടിച്ച് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിരാട് കോലി ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു. കോലി 55 റൺസോടെയും, അയ്യർ 25 റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണറായി ക്രീസിലെത്തിയ ഇഷാൻ കിഷൻ (47) ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ രോഹിതിനൊപ്പം 156 റൺസ് ചേർത്തിട്ടാണ് മടങ്ങിയത്. അഫ്ഗാന് വേണ്ടി സ്പിന്നർ റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 272 റൺസെടുത്തത്. 88 പന്തിൽ 80 റൺസെടുത്ത ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയാണവരുടെ ടോപ് സ്കോറർ. 69 പന്തിൽ നാല് സിക്സറുകളും രണ്ട് ഫോറുകളുമായി 62 റൺസെടുത്ത അസ്മത്തുള്ളയും മികച്ച പ്രകടനം നടത്തി.നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസെടുത്തു. ഒരു വേള സ്കോർ 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും ബുംമ്രയുടെ രണ്ടാം വരവിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 40 ഓവറിൽ 211 ന് നാല് എന്ന നിലയിൽ നിന്നും 46 ഓവറിൽ 238 ന് ഏഴ് എന്ന നിലയിലേക്ക് അഫ്ഗാൻ കൂപ്പുകുത്തി. ബുംമ്ര 10 ഓവറിൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹർദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. കുൽദീപ് യാദവ്, ശാർദ്ദൂൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി.



