ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മോദിസര്‍ക്കാരിന്റെ ഹിതപരിശോധനയ്ക്കുകൂടി വഴിയൊരുക്കും. ബി.ജെ.പി. ശ്രദ്ധയൂന്നുന്നത് മൂന്ന് സംസ്ഥാനങ്ങളിലാണ്. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തുകയും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം പിടിക്കുകയുമാണ് ലക്ഷ്യം. തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അദ്ഭുതം പ്രതീക്ഷിക്കുന്നില്ല.
ഭരണം നിലവിലുള്ള മധ്യപ്രദേശ് തങ്ങള്‍ക്ക് സുരക്ഷിതപ്രദേശമായി ബി.ജെ.പി. കണക്കുകൂട്ടുന്നില്ല. ചൗഹാന് സര്‍ക്കാരിനെതിരായ കടുത്തഭരണവിരുദ്ധവികാരം പാര്ട്ടിക്കുമുന്നിലെ വെല്ലുവിളി ഇരട്ടിയാക്കുന്നുണ്ട്. അതിനാല്‍ മധ്യപ്രദേശില്‍ പ്രാദേശികനേതൃത്വത്തെ മറികടന്ന് കേന്ദ്രനേതൃത്വമാണ് ഇക്കുറി കരുക്കള്‍ നീക്കുന്നത്. ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി. ഉദ്ദേശിക്കുന്നില്ല.
ഛത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ മുഖങ്ങളായി നില്ക്കാന് നേതാക്കളില്ല എന്നതാണ് ബി.ജെ.പി.യുടെ ക്ഷീണം. ഒ.ബി.സി. വോട്ടുകളും പട്ടികവര്‍ഗ വോട്ടുകളും നിര്‍ണായകമായ ഛത്തീസ്ഗഢില്‍ ഈ വിഭാഗത്തില്‍നിന്ന് പ്രമുഖനേതാക്കളില്ല. 2018-ല്‍ ഭരണം വിട്ടിറങ്ങിയ രമണ്‍സിങ് പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ല. ഇക്കുറി രമണ്‍സിങ്ങിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുക എളുപ്പമല്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി നേരിടാനാണ് നീക്കം. 69 ആരോപണങ്ങള്‍ ഉയര്‍ത്തി കുറ്റപത്രം ബി.ജെ.പി. പുറത്തിറക്കിയിട്ടുണ്ട്.
ഛത്തീസ്ഗഢില്‍ നേതൃശൂന്യതയാണെങ്കില്, രാജസ്ഥാനില്‍ നേതൃബാഹുല്യമാണ്. മുഖ്യമന്ത്രിസ്ഥാനാര്ഥികളാകാന് ഒരു ഡസന്‍ നേതാക്കള്‍ തയ്യാര്‍. വസുന്ധരരാജയും മറ്റ് നേതാക്കളും ഈ ലക്ഷ്യത്തില്‍ ഉയര്‍ത്തുന്ന ഗ്രൂപ്പ് പോരാണ് കേന്ദ്രനേതൃത്വത്തിന്റെ തലവേദന. അതിനാല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് മത്സരത്തിനിറങ്ങുന്നത്



