മൊഹാലി: മുൻഭാര്യയുടെ സഹോദരിയെ യുവാവ് കൊലപ്പെടുത്തി. പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. പഞ്ചാബിലെ മലേർകോട്ലയിലാണ് സംഭവം. വീടിനുള്ളിൽ അതിക്രമിച്ചുകയറി ഇയാൾ മുൻ ഭാര്യയുടെ സഹോദരി സുനിതയെ ആക്രമിക്കുകയായിരുന്നു.മുൻ ഭർത്താവ് രാജ് കുമാറാണ് പ്രതി. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെയാണ് കൊല നടന്നത്. വീടിനുള്ളിൽ കടന്ന പ്രതി സുനിതയെ കയ്യിലെ ആയുധം ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ച കുടുംബത്തിലെ മറ്റു രണ്ടു പേർക്കും പരിക്കേറ്റു. സുനിതയുടെ സഹോദരിയെയാണ് പ്രതി വിവാഹം കഴിച്ചത്. വിവാഹശേഷം കുടുംബ പ്രശ്‌നങ്ങൾ കാരണം സുനിതയുടെ സഹായത്തോടെ യുവതി വിവാഹ മോചനം നേടി. ഇതേ തുടർന്ന് വീട്ടുകാർ യുവതിയെ മറ്റൊരു വിവാഹം കഴിപ്പിച്ചു. ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് സുനിതയെ പ്രതി കൊലപ്പെടുത്തിയത്. ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റവരെ ആപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.




