റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാന്ദ്രാ ഡേവിസിന്സ്വീകരണം നല്‍കി

September 2, 2023 - 7:05 pm

കൊച്ചി: ബര്‍മിങ്ഹാമില്‍ നടന്ന ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ കിരീടം സ്വന്തമാക്കിയ കാഴ്ചപരിമിതരുടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അംഗമായ സാന്ദ്രാ ഡേവിസിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. രാവിലെ 8.45ന് ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലെത്തിയ സാന്ദ്രയെ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള ഭാരവാഹികള്‍ സ്വീകരിച്ചു. സി.എ.ബി.കെ. ചെയര്‍മാന്‍ രജനീഷ് ഹെന്‍ട്രി, ട്രഷറര്‍ സന്തോഷ് പി, യുഎസ്ടി കൊച്ചി സിഎസ്ആര്‍ തലവന്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍, സിഎബികെ എക്‌സിക്യൂട്ടീവ് അംഗം തോമസ് എബ്രഹാം, തൃശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്. സാന്ദ്രയുടെ മാതാപിതാക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഈ വിജയത്തെ അഭിമാനകരമായ നിമിഷമായാണ് കാണുന്നതെന്ന് സാന്ദ്രാ ഡേവിസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ ആസ്‌ട്രേലിയയുമായി ഫൈനലില്‍ കളിച്ച് ജയിക്കാനായത് മറക്കാനാവാത്ത അനുഭവമാണ്. കഠിനാധ്വാനം ചെയ്തിട്ടാണ് ടീം കളിക്കാന്‍ ഇറങ്ങിയത്. ജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു.
കാഴ്്ച പരിമിതിയുള്ള ഒരു പെണ്‍കുട്ടി കേരളത്തില്‍നിന്ന് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടിയെന്നത് മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനകരമാണെന്ന് സിഎബികെ ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്‍ട്രി പറഞ്ഞു.
ഫൈനലില്‍ ആസ്‌ട്രേലിയന്‍ ടീമിനെ ഒന്‍പതു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐ.ബി.എസ്.എ വേള്‍ഡ് ഗെയിംസില്‍ ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച കാഴ്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ടീം ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ സാന്ദ്ര ഡേവിസ് രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. തൃശൂര്‍ പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *