നുഹ്: ഹരിയാനയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് നാലാം ദിവസത്തിലേക്കു കടന്നു. സംസ്ഥാനത്തെ നുഹ് ജില്ലയിലെ അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നത്.നാലാം ദിവസത്തില്‍ ഇവിടുത്തെ സഹാറ ഹോട്ടലാണ് നുഹ് ജില്ലാ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കുക. മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഷോപ്പുകള്‍ ഇന്നലെ പൊളിച്ചിരുന്നു.സംഘര്‍ഷബാധിതമായ നുഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗറുവില്‍ കുടിയേറ്റക്കാരുടെ അനധികൃത കുടിലുകള്‍ ഈയാഴ്ച തകര്‍ത്തിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് കുടിലുകള്‍ ഇവ നിര്‍മിച്ചതെന്നാണ് ആരോപണം.വിവിധ പ്രദേശങ്ങളിലായി 60ഓളം കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചു നീക്കിയത്. കലാപത്തില്‍ പങ്കെടുത്തവരുടെ കെട്ടിടങ്ങളാണ് ഇത്. നടപടിയുണ്ടായതോടെ അറസ്റ്റ് ഭയന്ന് നിരവധി പേര് ഇവിടെ നിന്ന് പലായനം ചെയ്തിട്ടുണ്ട്.നുഹിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു പുരോഹിതനും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.



