ക്വാറി പ്രവർത്തിപ്പിക്കാൻ നടത്തിപ്പുകാരോട് 2 കോടി ആവശ്യപ്പെട്ട മങ്കയം ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം പുറത്താക്കി. കോഴിക്കോട് കാന്തലോട് ലോക്കൽ കമ്മറ്റി യോഗത്തിലാണ് തീരുമാനം. നടപടി ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തിന് അയച്ചതായി ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറമ്പോയിൽ 24നോട് പറഞ്ഞു. കോഴ ആവശ്യപ്പെടുന്ന വിഎം രാജീവിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
മങ്കയം ബ്രാഞ്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് പാർട്ടി നടപടി. കോഴവിവാദം ശ്രദ്ധയിൽപെട്ട കഴിഞ്ഞ മാസം 25ന് ബ്രാഞ്ച് കമ്മറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുകയും നടപടി കാന്തലാട് ലോക്കൽ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. എന്നാൽ നടപടി വൈകി. ഓഡിയോ സന്ദേശം പുറത്ത് വന്നതോടെ വിവാദം ആളിക്കത്തി. പിന്നാലെ അടിയന്തര ലോക്കൽ കമ്മിറ്റി യോഗം ചേർന്ന്
വിഎം രാജീവിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.
ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് ക്വാറിക്കെതിരെ വിജിലൻസിന് സിപിഐഎം പരാതി നൽകിയത്. ഇതിനിടെയാണ് സ്ഥലം ഏറ്റെടുത്ത് 2 കോടി നൽകിയാൽ പരാതി പിൻവലിക്കാമെന്നും തെളിവുകൾ ക്വാറി ഉടമകൾക്ക് നൽകാമെന്നുമുള്ള ഓഡിയോ സന്ദേശം പുറത്ത് വന്നത്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. പുറത്താക്കൽ നടപടിയിലൂടെ വിവാദം ശമിപ്പിക്കാനാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ. കോഴവിവാദത്തിൽ സിപിഐഎമ്മിലെ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറിക്ക് 2 കോടിയെങ്കിൽ സംസ്ഥാന സെക്രട്ടറിക്ക് എത്ര കോടി വേണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം
