റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

”ഞാൻ വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല. അത്തരമൊന്ന് ഉപയോഗിച്ച് ഒരിടത്തും ജോലി വാങ്ങിയിട്ടുമില്ലെന്ന് അൻസിൽ ജലീൽ : പൊലീസ് നിലപാടുകളിൽ വൈരുദ്ധ്യങ്ങൾ

June 26, 2023 - 2:18 pm

നിഖിലും വിദ്യയും വിശാഖുമെല്ലാം കേസ് വന്ന ഉടനെത്തന്നെ ഒളിവിൽ പോവുകയായിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാൻ പോലും ഇവർ പുറത്തുവന്നിരുന്നില്ല. എന്നാൽ, ആരോപണം വന്നതിനു പിന്നാലെ തനിക്കെതിരെ കള്ളവാർത്ത പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് അൻസിൽ ആലപ്പുഴ പൊലീസിൽ പരാതി നൽകി. ‘ദേശാഭിമാനി’ വാർത്ത കള്ളമാണെന്നും അങ്ങനെയൊരു വ്യാജ സർട്ടിഫിക്കറ്റ് താൻ ഉണ്ടാക്കുകയോ എവിടെയെങ്കിലും സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം തേടി പൊലീസിനെ സമീപിച്ചുവെന്നും പറഞ്ഞ് മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തു, അൻസിൽ.

‘സർക്കാർ സംവിധാനങ്ങൾ പാർട്ടി താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നു’-രാഷ്ട്രീയ എതിരാളികൾ അധികാരത്തിലിരിക്കുന്ന ഇടങ്ങളിലും കാലങ്ങളിലുമെല്ലാം ഇടതുപക്ഷ പാർട്ടികൾ പതിവായി ഉരുവിടുന്ന ആരോപണമാണിത്. എന്നാൽ, ബംഗാളും ത്രിപുരയുമെല്ലാം കടപുഴകിയ ശേഷമുള്ള ഇന്ത്യൻ സാഹചര്യത്തിൽ, ഇടതുപക്ഷം ഭരണത്തിൽ ബാക്കിയായ കേരളത്തിലും സംഭവിക്കുന്നത് ഇതുതന്നെയല്ലേ എന്നാരെങ്കിലും ചോദിച്ചാൽ കുറ്റം പറയാനാവില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകളും തട്ടിപ്പുകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ, പ്രതിസ്ഥാനത്തുള്ള എസ് എഫ് ഐ നേതാക്കളോടുള്ള സർക്കാറിന്റെയും ഗവ. ഏജൻസികളുടെയും മൃദുമനോഭാവം വ്യക്തമാക്കുന്നത് ഇതു തന്നെയാണ്. തട്ടിപ്പുകാർക്ക് പ്രത്യക്ഷവും പരോക്ഷവുമായ ഒത്താശ ചെയ്തു കൊടുക്കുക, ഒളിവുജീവിതം സുരക്ഷിതവും ഭദ്രവുമാക്കുക, കേസ് നടപടികളുടെ കാര്യത്തിൽ ഉഴപ്പുക, സാങ്കേതിക നൂലാമാലകളിൽ തൂങ്ങിയാടി പ്രതികളെ സഹായിക്കാനുള്ള അടവുകൾ പയറ്റുക, സൈബർ സഖാക്കളെയും ആസൂത്രിത ഓൺലൈൻ കാമ്പെയിനുകളെയും ഉപയോഗിച്ച് തട്ടിപ്പുകാരെ ഇരകളാക്കി മുദ്രകുത്തുകയും തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നവരെ വേട്ടയാടുകയും ചെയ്യുക, തൊട്ടടുത്തുള്ള പ്രതികളെ പോലും കാണാൻ കണ്ണില്ലാത്ത പൊലീസ് സംവിധാനമാവട്ടെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ വേട്ടയാടാൻ തുറുകണ്ണുമായി ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിന് ആടിനെ പട്ടിയാക്കാനും അതിനെ പേപ്പട്ടിയെന്നു പറഞ്ഞ് എറിഞ്ഞുകൊല്ലാനും ഒരു ബുദ്ധിമുട്ടുമില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ‘പോസ്റ്റ് ട്രൂത്ത് കാലം’ എന്നൊക്കെ പറഞ്ഞ് പുതുകാലത്തിനെ അത്യുച്ചത്തിൽ വിശദീകരിക്കുന്ന ഇടതുബുദ്ധിജീവികളൊക്കെ വളരെ സെലക്ടീവായ മറവിയുടെയും ഓർമ്മയുടെയും നൂൽപ്പാലത്തിൽ ആറാടുന്ന തമാശ കൂടി ഇതോടൊപ്പം എടുത്തു പറയണം.

ഈ പശ്ചാത്തലത്തിൽ വേണം, ആലപ്പുഴക്കാരനായ അൻസിൽ ജലീൽ എന്ന കെ എസ് യു നേതാവിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് എടുത്ത സംഭവത്തെ കാണാൻ. നിരപരാധിയായ തന്നെ രാഷ്ട്രീയ എതിരാളികൾ വേട്ടയാടുകയാണെന്ന് മാധ്യമങ്ങൾക്കു മുന്നിൽ വന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കെയാണ് അൻസലിനെതിരെ പൊലീസ് കേസ് എടുത്തത്. ‘വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന കൺവിനർ അൻസിൽ ജലീലിനെതിരെ കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. അൻസിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിച്ചെന്ന് കേരള സർവകലാശാല രജിസ്ട്രാർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് തുടർനടപടി.’ എന്നാണ് അൻസിലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും അയാൾ തയ്യാറാക്കിയതെന്നു പറഞ്ഞ് ഒരു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്ത സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’ കേസെടുത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ :
മഹാരാജാസ് കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചു എന്ന് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി, ആ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിൽ മറ്റ് കോളേജുകളിൽ ജോലി നേടാൻ ശ്രമിച്ച എസ് എഫ് ഐ നേതാവ് കെ വിദ്യ പിടിയിലാവുന്ന അതേ ദിവസമാണ് അൻസിലിന് എതിരെ പൊലീസ് കേസ് എടുത്തത്. സർവകലാശാലാ രജിസ്ട്രാർ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് എടുപിടീന്ന് അൻസിലിനെതിരെ കേസ് എടുത്തത്. എന്നാൽ, കേസ് എടുത്ത് 15 ദിവസങ്ങൾ ഒളിവുജീവിതം നയിച്ചശേഷമാണ് വിദ്യ അറസ്റ്റിലാവുന്നത്.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ, കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുക പോലും ചെയ്യാത്ത എസ് എഫ് ഐ നേതാവിനെ ആൾമാറാട്ടം നടത്തി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറാക്കാനുള്ള നീക്കം പൊളിഞ്ഞിട്ട് മാസത്തിലേറെ ആയി. എന്നിട്ടും പ്രതിയെ ഒന്ന് അലോസരപ്പെടുത്താൻ പോലും പൊലീസ് തയ്യാറായിട്ടില്ല. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി മത്സരിച്ചു ജയിച്ച എ.എസ്. അനഘയ്ക്കു പകരം തെരഞ്ഞെടുപ്പിൽ മൽസരിക്കാത്ത എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ വിശാഖിനെ ആൾമാറാട്ടത്തിലൂടെ സർവകലാശാല പ്രതിനിധിയായി നിശ്ചയിക്കാനായിരുന്നു നീക്കം. ഒന്നാം പ്രതിയായ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാൻ വട്ടമിട്ടുനടന്ന പൊലീസ് വിശാഖിനെ, ഒന്ന് ചോദ്യം ചെയ്യാൻ പോലും ഇനിയും മുതിർന്നിട്ടില്ല.

ചത്തിസ്ഗഢിലെ കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച കേസിലെ പ്രതി എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസും ഇതേപോലെ പൊലീസ് കണ്ണുകൾക്കു പുറത്താണ്. ഡിഗ്രിക്ക് തോറ്റ നിഖിൽ വ്യാജ ഡിഗ്രി സർടിഫിക്കറ്റുണ്ടാക്കി അതേ കോളേജിൽ എം കോമിന് ചേർന്ന് പഠിക്കുന്നതിനിടെയാണ് കുടുങ്ങിയത്. സിപിഎം നേതാവിന്റെ ശുപാർശയിലായിരുന്നു നിഖിൽ എത്തിയത് എന്നാണ് കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. എസ് എഫ് ഐ നേതൃത്വം ആദ്യം നിഖിലിന് ക്ലീൻ ചിറ്റ് നൽകിയെങ്കിലും പിന്നീട് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ നിലപാട് മാറ്റുകയായിരുന്നു. നിഖിലിനെ സംഘടനാ പദവികളിൽ നിന്ന് നീക്കി എന്നു പറയുമ്പോഴും പൊലീസ് ‘കുസൃതിയൽപ്പം കൂടുന്നുണ്ട്’ എന്ന ട്രോൾ ഭാഷയിലാണ് നിഖിലിനെ കൈകാര്യം ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് ആലപ്പുഴക്കാരൻ അൻസിലിനെതിരെ അതിവേഗത്തിൽ കേസ് എടുത്ത നടപടി ചർച്ചയാവുന്നത്. വിദ്യ, വിശാഖ്, നിഖിൽ എന്നിവരുടെ കാര്യത്തിൽ കഴിയുന്നത്ര ഉഴപ്പിനടന്ന പൊലീസ് കെ. എസ് യു നേതാവായ അൻസിലിന്റെ കാര്യം വന്നപ്പോൾ അതിവേഗം ഇടപെടുകയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് അടക്കം ആരോപിക്കുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിഖിൽ, വിദ്യ, വിശാഖ് എന്നീ എസ് എഫ് ഐ നേതാക്കൾക്കെതിരായ തട്ടിപ്പു കേസുകളുമായി താരതമ്യം ചെയ്യാവുന്നതല്ല അൻസിലിന്റെ കേസ്. ആരാണ് വ്യാജരേഖ തയ്യാറാക്കിയത് എന്ന സമസ്യയിൽ ഇപ്പോഴും തറഞ്ഞുനിൽക്കുകയാണ് ആ കേസ്. നിഖിലും വിദ്യയും വിശാഖുമെല്ലാം കേസ് വന്ന ഉടനെത്തന്നെ ഒളിവിൽ പോവുകയായിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാൻ പോലും ഇവർ പുറത്തുവന്നിരുന്നില്ല. എന്നാൽ, ആരോപണം വന്നതിനു പിന്നാലെ തനിക്കെതിരെ കള്ളവാർത്ത പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് അൻസിൽ ആലപ്പുഴ പൊലീസിൽ പരാതി നൽകി. ‘ദേശാഭിമാനി’ വാർത്ത കള്ളമാണെന്നും അങ്ങനെയൊരു വ്യാജ സർട്ടിഫിക്കറ്റ് താൻ ഉണ്ടാക്കുകയോ എവിടെയെങ്കിലും സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം തേടി പൊലീസിനെ സമീപിച്ചുവെന്നും പറഞ്ഞ് മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തു, അൻസിൽ. അതിനു ശേഷവും പൊതുസമൂഹത്തിൽ തുടർന്ന അൻസിൽ, ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറി’ലടക്കം പങ്കെടുത്ത് തനിക്ക് പറയാനുള്ളതൊക്കെ പറയുകയും ചെയ്തു.

ദേശാഭിമാനിയിൽ വന്ന വാർത്ത, വ്യാജസർട്ടിഫിക്കറ്റ്:
2023 ജൂൺ 12-നാണ് ദേശാഭിമാനി പത്രത്തിൽ അൻസിലിനെതിരെ ആ വാർത്ത വന്നത്. ‘കേരള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് കെഎസ്യു സംസ്ഥാന നേതാവ്’ എന്ന ആംഗിളിലായിരുന്നു ആലപ്പുഴ നിന്നുള്ള റിപ്പോർട്ട്. ‘കേരള സർവകലാശാലയിൽനിന്ന് 2016-ൽ ബികോം ബിരുദം നേടിയതായി ചമച്ച സർട്ടിഫിക്കറ്റുപയോഗിച്ച് ആലപ്പുഴയിലെ പണമിടപാട് സ്ഥാപനത്തിൽ ജോലി സമ്പാദിച്ചതായും ആക്ഷേപമുണ്ട്’ എന്നും വാർത്തയിൽ പറയുന്നു. ‘കേരള സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.’ എന്നും റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു. വാർത്തയ്‌ക്കൊപ്പം താഴെക്കാണുന്ന ഒരു സർടിഫിക്കറ്റും ദേശാഭിമാനി പ്രസിദ്ധീകരിച്ചു. 2016 നവംബർ 15 തീയതിയിലുള്ള സർടിഫിക്കറ്റിൽ അൻസിൽ ജലീൽ ബികോം പാസായി എന്നാണ് എഴുതിയിരിക്കുന്നത്.

വാർത്ത ആ സമയത്ത് സംസ്ഥാന തലത്തിൽ വലിയ ചർച്ചയായില്ല. എങ്കിലും ദേശാഭിമാനിയിൽ പിറ്റേ ദിവസവും തുടർവാർത്ത വന്നു. ‘വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്യു സംസ്ഥാന കൺവീനറിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി നേടാൻ സഹായിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.’ എന്നായിരുന്നു ആ വാർത്ത. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2019-ൽ ആലപ്പുഴയിലെ പ്രമുഖ സ്ഥാപനത്തിൽ അൻസിൽ ജോലി നേടിയതായും വാർത്തയിൽ പറയുന്നു. വാർത്ത മുന്നോട്ടുവെക്കുന്ന പ്രധാന ആരോപണങ്ങൾ ഇതായിരുന്നു: ‘ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓഫീസിലായിരുന്നു ജലീലിന്റെ ആദ്യ നിയമനം. തുടർന്നുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ ക്രമക്കേട് കണ്ടെത്തി. തട്ടിപ്പ് മനസ്സിലാക്കി സ്ഥാപനം ഇയാളെ പിരിച്ചുവിട്ടു. ആലപ്പുഴ എസ്ഡി കോളേജിൽ എഴുതിയ പരീക്ഷകളിലെല്ലാം തോറ്റതോടെയാണ് അൻസിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.”

എസ് എഫ് ഐ നേതാവ് ആർഷോയുടെയും വിദ്യയുടെയും പേരിലുള്ള വിവാദങ്ങൾക്കിടയിൽ പുറത്തുവന്ന ഈ വാർത്തകൾ അന്ന് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, ആലപ്പുഴയിൽനിന്നുള്ള നിഖിൽ തോമസിന്റെ വ്യാജസർടിഫിക്കറ്റ് വിവാദം മുറുകിയതോടെ ‘കെ എസ് യു നേതാവും വ്യാജബിരുദ സർടിഫിക്കറ്റ് ഉണ്ടാക്കി’ എന്ന രീതിയിൽ വാർത്തകൾ പരന്നു. സോഷ്യൽ മീഡിയയിൽ അൻസിലിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. തുടർന്നാണ്, ഈ വാർത്തകൾ കള്ളമാണെന്നും താനാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയതെന്നും പറഞ്ഞ് അൻസിൽ തന്നെ രംഗത്തുവന്നു.

അതിനിടെയാണ്, കേരള സർവകലാശാലയുടെ അടിയന്തിര ഇടപെടൽ വന്നത്. ദേശാഭിമാനി പ്രസിദ്ധീകരിച്ച, ജലീലിന്റെ പേരിലുള്ള വ്യാജസർട്ടിഫിക്കറ്റ് പരീക്ഷാ കൺട്രോളർ പരിശോധിക്കുകയും അത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തുകയും ചെയ്തതായി രജിസ്ട്രാർ വാർത്താ കുറിപ്പിറക്കി. നിഖിൽ വ്യാജസർടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ യൂനിവേഴ്‌സിറ്റി പരാതി നൽകിയതിനൊപ്പം, അൻസിലിന്റെ വിഷയത്തിലും രജിസ്ട്രാർ പരാതി നൽകി. ദേശാഭിമാനിയിൽ വന്ന ഇമേജ് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിൽ എന്തായാലും ഉടനടി പൊലീസ് നടപടി എടുത്തു. തനിക്കെതിരെ കള്ള പ്രചാരണം നടത്തുന്നുവെന്നും അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്നുമാവശ്യപ്പെട്ട് അൻസിൽ നൽകിയ പരാതിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്ത അതേ പൊലീസാണ് ദേശാഭിമാനിയിൽ വന്ന ഒരു ഇമേജിനെ ചൊല്ലി സർവകലാശാല എടുപിടീന്ന് നൽകിയ പരാതി പ്രകാരം കേസ് എടുത്തത്.

ഇക്കാര്യത്തിൽ ന്യൂസ് അവറിലടക്കം അൻസിൽ പറഞ്ഞത് ഇതാണ്:
”ഞാൻ വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല. അത്തരമൊന്ന് ഉപയോഗിച്ച് ഒരിടത്തും ജോലി വാങ്ങിയിട്ടുമില്ല. ഞാൻ പഠിച്ചത് ആലപ്പുഴ എസ് ഡി കോളേജിലാണ്. ആ സർട്ടിഫിക്കറ്റിൽ പറയുന്നതുപോലെ ബികോം അല്ല, ബി എ ഹിന്ദിയാണ് ഞാൻ പഠിച്ചത്. അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സെക്കന്റ് ഇയറിനു പഠിക്കുമ്പോൾ പിതാവിന് സ്‌ട്രോക്ക് വന്നു. വീട്ടിലെ അവസ്ഥ വളരെ മോശമായിരുന്നു. അതിനാൽ, പഠിത്തം നിർത്തേണ്ടി വന്നു. പിന്നീട്, ആലപ്പുഴ മുത്തൂറ്റിൽ കലക്ഷൻ ഏജന്റായി ആറേഴ് മാസം ജോലി ചെയ്തു.

അവിടെയാണ് ഞാനാ സർടിഫിക്കറ്റ് ഉപയോഗിച്ചു എന്ന് ഇവർ പറയുന്നത്. എന്നാൽ, അത് മാസം 12,000 രൂപ ശമ്പളം കിട്ടുന്ന കലക്ഷൻ ഏജന്റ് ജോലി ആയിരുന്നു. പ്ലസ് ടു ആയിരുന്നു അതിന്റെ അടിസ്ഥാന യോഗ്യത. പിന്നെന്തിനാണ് ഞാൻ ഡിഗ്രി സർടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി അവിടെ ഹാജരാക്കുന്നത്?

ആ ജോലി ഉപേക്ഷിച്ചാണ് ഞാൻ സ്വന്തമായി ഒരു കോഫിഷോപ്പ് ആലപ്പുഴയിൽ തുടങ്ങിയത്. അതാണ് ഇന്നത്തെ എന്റെ ജീവിതമാർഗം. കുടുംബത്തെ പോറ്റാൻ എനിക്കതേ ഉള്ളൂ. ചായക്കട നടത്താൻ എവിയെങ്കിലും ഡിഗ്രി സർടിഫിക്കറ്റിന്റെ ആവശ്യം ഉണ്ടോ? പിന്നെ ഞാൻ എന്തിനാണ്, അത്തരമൊരു സർടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കുന്നത്?

12-ന് രാവിലെ ദേശാഭിമാനിയിലാണ് ആ കള്ളക്കഥ വന്നത്. അതിനു പിന്നാലെ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായി. അതിന്റെ പിറ്റേന്ന്, ഞാൻ ആലപ്പുഴ പൊലീസിൽ പരാതി നൽകി. സ്ഥലത്തില്ലാത്തതിനാൽ മെയിലിലാണ് പരാതി അയച്ചത്. പിറ്റേന്ന് പൊലീസ് എന്നെ വിളിപ്പിച്ചു. ഞാൻ കാര്യങ്ങളെല്ലാം അവരെ ധരിപ്പിച്ചു. സോഷ്യൽ മീഡിയാ ആരോപണ ലിങ്കുകളും വാട്‌സാപ്പിൽ സൈബർ പ്രചാരണം നടത്തിയവരുടെ വാട്‌സാപ്പ് നമ്പറുകളും നൽകാൻ അവർ ആവശ്യപ്പെട്ടു. അതു നൽകി. ഒപ്പം ദേശാഭിമാനിക്ക് എതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും എന്റെ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ, എനിക്കെതിരായ ദേശാഭിമാനി ആരോപണത്തിന്റെ ചുവടുപിടിച്ച് പൊലീസ് പിറ്റേന്ന് തന്നെ ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ചെന്നു. അങ്ങനെ ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സ്ഥാപന അധികൃതർ പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് എന്റെ ഉമ്മയുടെ അടുത്തും പോയിരുന്നു. ആർട്ടും ഫോട്ടോഷോപ്പ് ചെയ്തു ഉണ്ടാക്കാനാവുന്ന ഒരു ഇമേജ് വെച്ച്, ഞാനറിയാത്ത കാര്യത്തിന് എന്നെ ഉപദ്രവിക്കുകയാണ്.

12-ന് ദേശാഭിമാനിയിൽ വാർത്ത വന്നുവെങ്കിലും വിദ്യ-ആർഷോ വിവാദത്തിന്റെ ബഹളത്തിൽ അതു മുങ്ങിപ്പോയിരുന്നു. നിഖിൽ തോമസ് വ്യാജ സർടിഫിക്കറ്റ് വിഷയത്തിൽ എസ് എഫ് ഐ വാദം പൊളിയുകയും അവർ പരിഹാസ്യരായിരിക്കുകയും ചെയ്തപ്പോഴാണ് ആ വാർത്ത വീണ്ടും പൊങ്ങിവന്നതും യൂനിവേഴ്‌സിറ്റി അധികൃതർ ദേശാഭിമാനി നോക്കി എനിക്കെതിരെ പരാതി നൽകിയതും.

സത്യത്തിൽ എന്താണ് സംഭവിച്ചത്? കാര്യം എന്തായാലും, അൻസിലിന് എതിരെ ഇപ്പോൾ കേസ് നിലനിൽക്കുന്നുണ്ട്. ‘വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി’യാണ് കേസ് എടുത്തത് എന്നാണ് ദേശാഭിമാനി വാർത്ത വിശദീകരിക്കുന്നത്. സംഭവത്തിൽ തനിക്ക് പറയാനുള്ളതെല്ലാം അൻസിൽ പൊതുമധ്യത്തിൽ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾക്കു മുന്നിലെത്തി തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്്തു.

അൻസിലിന്റെ വിഷയത്തിൽ, പരാതി നൽകിയത് സർവകലാശാലയാണ്. അതിനടിസ്ഥാനം ദേശാഭിമാനിയിൽ വന്ന വാർത്തയും വ്യാജസർട്ടിഫിക്കറ്റിന്റെ ഇമേജുമാണ്. അത് വ്യാജമാണെന്ന് ഇതിനകം സർവകാലാശാലാ പരീക്ഷാ കൺ്രേടാളർ തന്നെ സ്ഥിരീകരിച്ചതാണ്. എന്നാൽ, അങ്ങനെയൊരു സർട്ടിഫിക്കറ്റ് ആരാണ് ഉണ്ടാക്കിയത് എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അക്കാര്യത്തിൽ ഒരു വ്യക്തതയും ഇപ്പോഴില്ല. മാത്രമല്ല, നിഖിൽ തോമസ് ചെയ്തത് പോലെ വ്യാജ സർടിഫിക്കറ്റ് സമർപ്പിച്ച് കോഴ്‌സിനു ചേരുകയോ വിദ്യ ചെയ്തതുപോലെ തൊഴിൽ ആവശ്യങ്ങൾക്കായി വ്യാജ സർടിഫിക്കറ്റ് ഉപയോഗിക്കുകയോ ചെയ്തതായി പരാതി നിലവിലില്ല. വ്യാജ സർടിഫിക്കറ്റ് ഉപയോഗിച്ചാണ് അൻസിൽ ജോലിക്ക് കയറിയതെന്ന് ദേശാഭിമാനി വാർത്തയിൽ പറയുന്നുണ്ടെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്കാര്യം സ്ഥിരീകരിച്ചതായി വിവരമില്ല. എവിടെയെങ്കിലും അത്തരമൊരു സർടിഫിക്കറ്റ് ഹാജരാക്കി അൻസിൽ എന്തെങ്കിലും തട്ടിപ്പ് നടത്തിയതായി ഒരു സ്ഥാപനവും ഇതുവരെ പരാതി നൽകുകയും ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിൽ, ഇനി പുറത്തുവരേണ്ടത് പൊലീസിന്റെ വിശദീകരണമാണ്. അവർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതെന്ത് എന്ന കാര്യമാണ് വ്യക്തമാവേണ്ടത്. ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് ശരിക്കും ഉണ്ടോ, അതാരാണ് തയ്യാറാക്കിയത്, അൻസിലിന് അതുമായി ബന്ധമുണ്ടോ, അത് അയാൾ എവിടെയെങ്കിലും സമർപ്പിച്ചിട്ടുണ്ടോ, അതുപയോഗിച്ച് എന്തെങ്കിലും ആനുകൂല്യങ്ങൾ അയാൾ പറ്റിയിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് തെളിയേണ്ടത്.

എങ്കിലും, ഇന്നേരവും, ഒരു കാര്യം വ്യക്തമായി തന്നെ നമ്മുടെ മുന്നിൽ നിൽക്കുന്നുണ്ട്. വിദ്യ, വിശാഖ്, നിഖിൽ തോമസ് എന്നിവരുടെ കാര്യത്തിൽ കേരള പൊലീസ് കാണിച്ച സമീപനമല്ല അൻസിലിന്റെ കാര്യത്തിൽ ഉണ്ടായത്. ദേശാഭിമാനി നോക്കി സർവകാലാശാലാ അധികൃതർ നടത്തിയ അന്വേഷണവും അതുപ്രകാരം കേസ് നൽകാൻ കാണിച്ച ധൃതിയും പരാതി കിട്ടിയ ഉടൻ കേസ് എടുക്കാൻ പൊലീസ് കാണിച്ച തിടുക്കവുമെല്ലാം അൻസിലും പ്രതിപക്ഷ സംഘടനകളും ചോദ്യം ചെയ്യുമ്പോൾ, പുതിയ സാഹചര്യത്തിൽ ഇതൊന്നും അത്ര അസ്വാഭാവികമായി കാണാനാവില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *