‘ശുഭല വെള്ളരി’എന്ന പുതിയ ഇനം മധുരവെള്ളരി വികസിപ്പിച്ച് ശുഭകേശൻ

ആലപ്പുഴ: കഞ്ഞിക്കുഴി പയറിന് പിന്നാലെ ശുഭല വെള്ളരിയുമായി ശുഭകേശൻ. കൃഷിയിടം പരീക്ഷണശാലയാക്കി മാറ്റിയ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ കർഷകൻ ശുഭ കേശന്റെ വെള്ളരിയിലെ പരീക്ഷണവും വിജയകരമായി. തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ചാണ് പുതിയ ഇനം മധുരവെള്ളരി ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. നീണ്ട 14 മാസത്തെ ശ്രമഫലമാണ് പുതിയ ഇനം വെള്ളരിയുടെ കണ്ടുപിടുത്തം.

തണ്ണിമത്തൻ, കണിവെള്ളരി എന്നിവയുടെ സംയോജനത്തിലൂടെയുടെയുള്ള പുതിയ വെള്ളരിക്ക് 700 – 750 ഗ്രാം തൂക്കം വരും. പുതിയ വെള്ളരിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. കൃഷി മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജൻ എന്നിവർ ചേർന്നായിരുന്നു വിളവെടുപ്പ് .

ശുഭ കേശന്റെയും ഭാര്യ ലതികയുടെയും മകൾ ശ്രുതിലയയുടേയും പേരുകൾ ചേർത്ത് പുതിയ വെള്ളരിക്ക് ശുഭല എന്ന പേര് നൽകിയത് കൃഷി മന്ത്രിയാണ്. കാർഷിക പരീക്ഷണങ്ങൾ നടത്തുന്ന ശുഭ കേശന്റെ ആദ്യ പരീക്ഷണ വിജയം 1995 ലായിരുന്നു. വെള്ളായണി ലോക്കൽ, ലിമാ ബിൻ എന്നിവ യോജിപ്പിച്ച് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചു. രണ്ടടിയോളം നീളമുള്ള പയറിന് ഇപ്പോഴും ആവിശ്യക്കാർ ഏറെയാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക അവാർഡ് ഉൾപ്പെടെ ഒട്ടനവധി അംഗീകരങ്ങളും ശുഭകേശന് ലഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം