മണിപ്പൂർ: മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന ബിജെപി, സംസ്ഥാനത്തെ സമാധാനം തകർത്തുവെന്നായിരുന്നു വിമർശനം. പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുൽഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങൾക്ക് എസ്ടി പദവി നൽകാൻ ഹൈക്കോടതി ശുപാർശ ചെയ്തതാണ് ഇപ്പോഴത്തെ കലാപങ്ങൾക്ക് കാരണം. മൈതേയ് വിഭാഗവുമായി അസ്വാരസ്യം ഉണ്ടായിരുന്ന ഗോത്ര വിഭാഗങ്ങൾ ഇതിനെ എതിർത്ത് പ്രതിഷേധം ഉയർത്തി. പിന്നാലെ ഇംഫാൽ ഉൾപ്പെടെ മേഖലകളിൽ സംഘർഷത്തിന് വഴിവെച്ചത്.
ഗോത്ര വിഭാഗങ്ങളുടെ വലിയ പ്രതിഷേധ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. പിന്നാലെ കലാപം ആരംഭിച്ചു. കലാപത്തിൽ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്.



