റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ 05/05/23 വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും

May 5, 2023 - 2:33 pm

കൊച്ചി: ബംഗാളി സംവിധായകന്‍ സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന കേരള സ്റ്റോറി 05/05/23 വെള്ളിയാഴ്ച റിലീസ് ചെയ്യും. കേരളത്തില്‍ ഉള്‍പ്പടെ ഇന്ത്യയൊട്ടാകെയാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നത്.

കേരളത്തില്‍ മതതീവ്രവാദം വ്യാപകമായി നടക്കുന്നു എന്ന് പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങളും തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ആളുകള്‍ ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചിരുന്നു. സിനിമ തടയണം എന്നാവശ്യപ്പെട്ടു കോടതി വരെ എത്തി കാര്യങ്ങള്‍ എങ്കിലും കോടതി ഇതില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു.

രേഖകളുടെ പിന്‍ബലമുള്ള ഒരു യഥാര്‍ത്ഥ കഥയാണ് ‘കേരള സ്റ്റോറീസ്’ എന്നാണ് സുദീപ്‌തോ സെന്‍ വ്യക്തമാക്കുന്നത്. “കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഈ വിഷയത്തെ കുറിച്ചു പഠിക്കുന്നു. ഇന്ത്യന്‍ പ്രേക്ഷകര്‍ അനുഭവിച്ചറിയാന്‍ പോകുന്ന അതുല്യമായൊരു കഥയാണിത്. ഞാന്‍ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്: ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ്,” സെന്‍ പറഞ്ഞു.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബോളിവുഡ് നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് .നാടക രംഗത്തു നിന്നും വിനോദ വ്യവസായ രംഗത്തെത്തിയ ആളാണ് ഗുജറാത്തിലെ കച്ച്‌ സ്വദേശി വിപുല്‍ ഷാ. ഇന്ന് ബോളിവുഡിലെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. സംവിധായകനും കൂടിയായ വിപുല്‍ ഷാ സണ്‍ഷൈന്‍ പിക്ചേഴ്സ് എന്ന നിര്‍മ്മാണകമ്ബനി നടത്തി വരുന്നു. ‘വഖ്ത്,’ ‘ആംഖെന്‍,’ ‘നമസ്തേ ലണ്ടന്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ വിപുല്‍ ഷായായിരുന്നു. അക്ഷയ് കുമാര്‍ നായകനായ ‘സിങ് ഈസ് കിങ്’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവും വിപുല്‍ ഷായായിരുന്നു.

ആംഖെന്‍’ ആയിരുന്നു വിപുല്‍ ഷാ സംവിധാനം ചെയ്ത ആദ്യ സിനിമ. ഈ സിനിമയില്‍ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, സുസ്മിത സെന്‍ എന്നിവരാണ് അഭിനയിച്ചത്.
അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ഋഷി കപൂര്‍ എന്നിവര്‍ വിപുല്‍ ഷാ സംവിധാനം ചെയ്ത വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിപുല്‍ ഷാ സംവിധാനം ചെയ്തതും നിര്‍മ്മിച്ചതുമായ മിക്കവാറും എല്ലാ ചിത്രങ്ങളിലും അക്ഷയ് കുമാറിന് പ്രധാന റോള്‍ ഉണ്ടായിരുന്നു.

ബംഗാളിലെ ജല്‍പായ്ഗുഡി സ്വദേശിയാണ് ‘കേരളാ സ്റ്റോറി’യുടെ സംവിധായകനായ സുദീപ്തോ സെന്‍. ടെലിഫിലിം, ഡോക്യുമെന്ററി, സിനിമ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് ദശകങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് ‘ഇന്‍ ദ് നെയിം ഓഫ് ലവ്: മെലങ്വലി ഓഫ് ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന പേരില്‍ കേരളം, ലവ് ജിഹാദ് ഒക്കെ ഉന്നയിച്ച്‌ സുദീപ്തോ സെന്‍ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. ഇത് പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജെ എന്‍ യുവില്‍ 2018 ല്‍ വിവാദവും ഉണ്ടായിരുന്നു. ഗ്ലോബല്‍ ഇന്ത്യാ ഫൗണ്ടേഷന്‍, വിവേകാനന്ദ വിചാര്‍ മഞ്ച് എന്നിവരാണ് അന്ന് ഈ സിനിമ പ്രദര്‍ശനം സംഘടിപ്പിച്ചത്. വിദ്വേഷ പ്രചാരണമാണ് ഈ സിനിമയുടെ ഉള്ളടക്കം എന്ന് ചൂണ്ടിക്കാണണിച്ച്‌ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ എ ബി വിപി സിനിമയ്ക്കൊപ്പം നിലയുറപ്പിച്ചു. അത് ജെ എന്‍ യു വില്‍ സംഘര്‍ഷാവസ്ഥ സംജാതമാക്കി.

അതേ വിഷയം തന്നെയാണ് ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമയ്ക്ക് പിന്നിലുമാണ് എന്നാണ് ഈ സിനിമ സംബന്ധിച്ച പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസിലാകുന്നത്. 2018ല്‍ വിവാദമായ കാലത്ത് ഈ സിനിമയുടെ പേരില്‍ ‘ഇന്‍ ദ് നെയിം ഓഫ് ലവ്: മെലങ്വലി ഓഫ് ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന് ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ ‘ഇന്‍ ദ് നെയിം ഓഫ് ലവ്’ എന്ന് മാത്രമേ നല്‍കിയിട്ടുള്ളൂ. ഇതുമായി ബന്ധപ്പെട്ട കാണുന്ന ഉള്ളടക്കത്തെ കുറിച്ചുള്ള വിവരണങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരണങ്ങളും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *