റാഞ്ചി: മോദി നാമധാരികളെ അപകീര്ത്തിപ്പെടുത്തിയെന്നുകാട്ടി ഝാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകണമെന്നു റാഞ്ചി കോടതി. റാഞ്ചിയിലെ എം.പി/എം.എല്‍.എ. പ്രത്യേക കോടതിയാണ് നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ അഭ്യര്‍ഥന നിരാകരിച്ചത്. 2019-ലെ പൊതുതെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.
അതേവര്‍ഷം അഭിഭാഷകനായ പ്രദീപ് മോദിയാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. വിവാദ പരാമര്‍ശത്തില്‍ ഝാര്‍ഖണ്ഡില്‍ മാത്രം മൂന്ന് കേസുകള്‍ രാഹുലിനെതിരേയുണ്ട്. രാഹുലിന്റെ ലോക്സഭാംഗത്വ അയോഗ്യതയ്ക്കു വഴിവച്ച മാര്‍ച്ചിലെ സൂറത്ത് കോടതിവിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേ അനുവദിക്കാതെ വേനലവധിക്കുശേഷം വിധി പ്രസ്താവിക്കാമെന്ന് കഴിഞ്ഞ രണ്ടിന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

