റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: മൊറാഴ വില്ലേജിലെ 135 കുടുംബങ്ങൾക്ക് പട്ടയം നൽകും

March 30, 2023 - 12:58 pm

64 വർഷത്തെ കാത്തിരിപ്പിന് അറുതിയാവുന്നു

തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ 135 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചു. 64 വർഷങ്ങൾക്കു മുൻപ് 1958ലെ സർക്കാർ മൊറാഴ നിവാസികളായ 28 കുടുംബങ്ങൾക്ക് 28 ഏക്കർ ഭൂമിയിൽ താൽക്കാലിക പട്ടയം നൽകിയിരുന്നു. എന്നാൽ അതിന് ഭൂമിയുടെ ആധികാരിക രേഖയായി കണക്കാക്കിയിരുന്നില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൂമി കൈമാറ്റത്തിലൂടെയും അനന്തരാവകാശ കൈമാറ്റത്തിലൂടെയും 28 ഏക്കർ ഭൂമി 135 കുടുംബങ്ങളുടെ കൈവശത്തിൽ വന്നു ചേർന്നിരുന്നു. ആ ഭൂമിക്ക് അവർ കരം അടച്ചിരുന്നെങ്കിലും ഭൂമിയുടെ ക്രയവിക്രയത്തിന് ആധികാരിക രേഖയായ പട്ടയം ലഭിച്ചിരുന്നില്ല.
1958 ൽ താൽക്കാലിക പട്ടയം നൽകിയ സമയത്ത് മൊറാഴ വില്ലേജ് ഉൾപ്പെട്ട ആന്തൂർ പ്രദേശം പഞ്ചായത്ത് ആയിരുന്നു. എന്നാൽ പിൽക്കാലത്ത് ആന്തൂർ നഗരസഭയായി മാറിയപ്പോൾ മുനിസിപ്പൽ ഭൂപതിവ് ചട്ടം ബാധകമായി. അതുകൊണ്ട് തന്നെ മുനിസിപ്പൽ ഭൂപതിവ് ചട്ടം അനുസരിച്ച് ഒരാൾക്ക് പതിച്ചു കൊടുക്കാൻ കഴിയുന്ന പരമാവധി ഭൂമി 10 സെന്റ് ആണെന്നത് പട്ടയം അനുവദിച്ചു നൽകാൻ തടസ്സമായി. ഈ 135 പേരിൽ ഭൂരിഭാഗം പേരും 10 സെന്റിൽ കൂടുതൽ ഭൂമി കൈവശം വെച്ച് പോന്നിരുന്നവരാണ്. ഈ പ്രശ്‌നത്തിനാണ് സർക്കാർ ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്.

1995 ലെ ഭൂപതിവ് ചട്ടത്തിലെ ചട്ടം 21 പ്രകാരം ഒരു പ്രത്യേക കേസായി പരിഗണിക്കണമെന്നും പ്രദേശം മുനിസിപ്പാലിറ്റി ആവുന്നതിന് മുൻപ് പഞ്ചായത്തായിരുന്ന സമയത്ത് പട്ടയം നൽകിയിരുന്നുവെങ്കിൽ ഇത്തരത്തിൽ നിയമപരമായ തടസ്സം ഉണ്ടാകുമായിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെടുകയായിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ച് താൽക്കാലിക പട്ടയത്തിന്റെ അടിസ്ഥാനത്തിൽ 64 വർഷത്തിലധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിലേക്ക് സമർപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഈ വിഷയം പരിഗണിക്കുകയും മൊറാഴ നിവാസികളുടെ ദീർഘ കാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *