ദില്ലി – പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധങ്കർ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല. ഭരണ പ്രതിപക്ഷബഹളത്തെ തുടർന്ന് ഇരു സഭകളും 23.03.2023 വ്യാഴാഴ്ച രണ്ടുമണിവരെ നിർത്തിവച്ചു. സഭ നടപടികൾ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിൽ രാജ്യസഭാ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഉപരാഷ്ട്രപതി നേരത്തെ വിളിച്ച രണ്ട് യോഗങ്ങളിൽ നിന്നും വിട്ടുനിന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗഡ്‌ഗേ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. എന്നാൽ സഭ സമ്മേളിച്ച് നിമിഷങ്ങൾക്കകം തന്നെ ഭണപ്രതിപക്ഷ ഏറ്റുമുട്ടൽ ഉണ്ടായി.
മാപ്പ് പറഞ്ഞാൽ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിക്കാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി. രാഹുൽ മാപ്പു പറയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചു പ്രതിപക്ഷവും ബഹളം വച്ചു. ഇതോടെ ഇരു സഭകളും രണ്ട് മണിവരെ പിരിഞ്ഞു.
കെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഇന്നും അടിയന്തര പ്രമേയ നോട്ടീസുകൾ നൽകിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പരാമർശത്തിൽ ചട്ടലംഘനം ആരോപിച്ചു കോൺഗ്രസ് ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യാൻ എൻസിപി തലവൻ ശരത് പവാർ വിളിച്ച യോഗം വൈകിട്ട് ഡൽഹിയിൽ ചേരും.