ന്യൂഡല്‍ഹി: ഇന്ത്യയില്‍ എച്ച്3എന്‍ ഇന്‍ഫ്ളുവന്‍സ രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന. രോഗബാധിതരായി ഐ.സി.യുയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന. വൈറസ് വ്യാപനത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു വിദഗ്ധര്‍ പറയുമ്പോഴും മതിയായ മുന്‍കരുതലുകള്‍ കൈക്കൊള്ളാനാണു നിര്‍ദേശം. രാജ്യത്തുടനീളം കേസുകള്‍ ഉയര്‍ന്നുവരുന്നതാണ് ഇങ്ങനെയൊരു മുന്നറിയിപ്പിനു കാരണം.
ഏറ്റവും പുതിയ കണക്കനുസരിച്ച്, ഈ മാസം 9 വരെ, എച്ച്3എന്‍2 ഉള്‍പ്പെടെ വിവിധ ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍ 3038 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ച പ്രമേഹരോഗിയായ ഹിരേ ഗൗഡ(82) എച്ച്3എന്‍2 ബാധിച്ചു. ഹരിയാനയില്‍ 56 കാരനായ ശ്വാസകോശ അര്‍ബുദ രോഗിയുടെ മരണത്തിലും എച്ച്3എന്‍2 ആണ് വില്ലന്‍. ഗുജറാത്തില്‍ ഈ മാസം 10 വരെ മൂന്ന് എച്ച്3എന്‍2 കേസുകളും 77 എച്ച്1എന്‍1 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എച്ച്1എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചതായും സംസ്ഥാന ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു.

