റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.എ.എസ്-ഐ.പി.എസ്. പെണ്‍പോരില്‍ കര്‍ശനനടപടിയുമായി കര്‍ണാടക

February 22, 2023 - 11:28 am

ബംഗളുരു: അഴിമതി ആരോപിച്ചും സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും പരസ്പരം പോരടിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി, ഐ.പി.എസ്. ഉദ്യോഗസ്ഥ ഡി. രൂപ എന്നിവരെ കര്‍ണാടക സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കി. രോഹിണി ദേവസ്വം ബോര്‍ഡ് കമ്മിഷണറും രൂപ കരകൗശല വികസന കോര്‍പറേഷന്‍ എം.ഡിയുമായിരുന്നു. ഇരുവര്‍ക്കും പുതിയ നിയമനം നല്‍കിയിട്ടില്ല. രൂപയുടെ ഭര്‍ത്താവും ഐ.എ.എസ്. ഉദേ്യാഗസ്ഥനുമായ മുനീഷ് മൗഡഗിലിനെ സ്ഥലംമാറ്റി.

പരസ്പരം ആരോപണമുന്നയിച്ച് രോഹിണിയും രൂപയും പരാതി നല്‍കിയതിനേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി വന്ദിതാ ശര്‍മ കഴിഞ്ഞദിവസം ഇരുവരെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തന്റെ സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചെന്നായിരുന്നു രൂപയ്‌ക്കെതിരേ രോഹിണിയുടെ പരാതി. രോഹിണിക്കെതിരായ ആരോപണങ്ങളില്‍ ത്വരിതാന്വേഷണമാവശ്യപ്പെട്ട് രൂപയും പിന്നാലെ പരാതി നല്‍കി. ഇരുവരുടെയും പെരുമാറ്റം സിവില്‍ സര്‍വീസിനു കളങ്കമുണ്ടാക്കുന്നതാണെന്നും നടപടിയുണ്ടാകുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഹിണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച രൂപ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ രോഹിണി 2021-ലും 2022-ലും മൂന്ന് പുരുഷ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തെന്നാരോപിച്ചായിരുന്നു ഇത്. കഴിഞ്ഞ ശനിയാഴ്ച രോഹിണിക്കെതിരേ അഴിമതി ഉള്‍പ്പെടെ 20 ആരോപണങ്ങളും രൂപ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

മുന്‍മന്ത്രി സാ രാ മഹേഷിനെതിരേ രോഹിണി ആരോപണങ്ങളുന്നയിച്ചെന്നും എന്നാല്‍ തെളിയിക്കാനായില്ലെന്നും രൂപ ചൂണ്ടിക്കാട്ടി. അതുെകാണ്ടാണോ മുന്‍മന്ത്രിയുമായി രോഹിണി മധ്യസ്ഥതയ്ക്കു പോയതെന്ന മുള്ളുവച്ച ചോദ്യവും അവര്‍ ഉന്നയിച്ചു. രോഹിണിയും മഹേഷുമൊത്ത് ഒരു ഭക്ഷണശാലയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2021-ല്‍ രോഹിണി മൈസുരു കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മിഷണറായിരിക്കേ പരസ്പരം അഴിമതിയാരോപണം ഉന്നയിച്ചവരാണ് ഇവര്‍. മൈസുരു കോര്‍പറേഷന്‍ കമ്മിഷണറായിരുന്ന ശില്‍പ നാഗ് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുമായി രോഹിണി നിരന്തരം സംഘര്‍ഷത്തിലായിരുന്നെന്നും രൂപ ചൂണ്ടിക്കാട്ടി. 2021-ല്‍ രോഹിണിയേയും ശില്‍പയേയും സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു.
തനിക്കെതിരേ തെറ്റായ ആരോപണങ്ങളുന്നയിക്കുന്ന രൂപയ്ക്കു മാനസികരോഗമാണെന്നായിരുന്നു രോഹിണിയുടെ മറുപടി. മറ്റേയാള്‍ നടത്തിയ സര്‍വീസ് ചട്ടലംഘനങ്ങള്‍ അധികൃതരുടെ ്രശദ്ധയില്‍പ്പെടുത്തിയതു താനാണെന്നു രണ്ടുപേരും അവകാശപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *