റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന:ഹൈക്കോടതിയില്‍ ഹര്‍ജി

February 22, 2023 - 8:49 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കാനിരിക്കെ, താല്‍ക്കാലിക സിന്‍ഡിക്കേറ്റും സെനറ്റും രൂപീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ആക്ട് അനുസരിച്ചുള്ള അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ജനാധിപത്യരീതിയില്‍ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
സര്‍വകലാശാല സെനറ്റ് മെമ്പറും കോഴിക്കോട് ദേവഗിരി കോളജിലെ അസോസിയേറ്റ് പ്രഫസറുമായ സിബി എം. തോമസ് ആണ് ഹര്‍ജി നല്‍കിയത്. സെനറ്റ് തെരഞ്ഞെടുപ്പിനായി സര്‍വകലാശാലയില്‍ ഇതുവരെ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. സിന്‍ഡിക്കേറ്ററില്‍നിന്ന് പ്രതിപക്ഷത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിനാണ് സെനറ്റ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്നും സെനറ്റ്, സിന്‍ഡിക്കേറ്റ് സമിതികള്‍ പുനഃസംഘടിപ്പിക്കുന്നതിന് ചുമതലപ്പെട്ട വൈസ് ചാന്‍സലര്‍ സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തയാറായില്ല എന്നും ആക്ഷേപമുയര്‍ന്നതായി മംഗളം കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു.

അതേസമയം സ്വന്തക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് താല്‍ക്കാലിക സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനായി ഈ മാസം 27നു ചേരുന്ന നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന് അനുവാദം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. അതിനിടയ്ക്കാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല ചട്ടമനുസരിച്ച് സെനറ്റിന്റെയോ സിന്‍ഡിക്കേറ്റിന്റെയോ കാലാവധി അവസാനിക്കുകയാണെങ്കില്‍ അത് പുനഃസംഘടിപ്പിക്കാന്‍ ചാന്‍സലര്‍ക്കു മാത്രമാണ് അധികാരം. ഈ അധികാരം ചാന്‍സലറില്‍നിന്ന് ഒഴിവാക്കാനാണ് പുതിയ ഭേദഗതി ബില്ല് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഈ താല്‍ക്കാലിക സിന്‍ഡിക്കേറ്റിനു രണ്ടുവര്‍ഷം വരെ തുടരാം. വിദ്യാഭ്യാസ വിചക്ഷണരെ മാത്രം ഉള്‍ക്കൊള്ളിച്ച് സിന്‍ഡിക്കേറ്റ് രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ യൂണിവേഴ്‌സിറ്റിക്കും ചാന്‍സലര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *