റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

February 13, 2023 - 8:48 am

മലപ്പുറം/കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട കൊലപാതകക്കേസ് പ്രതിയായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശിനി പുനംദേവി(30)യാണ് കുതിരവട്ടത്തുനിന്ന് മുങ്ങി അധികം വൈകാതെ മലപ്പുറം വേങ്ങരയില്‍നിന്നു പിടിയിലായത്.
വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടക്കല്‍ റോഡിലെ യാറംപടി പി.കെ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതി കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവായ ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡ് പ്രതിയാണ്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിതിനെത്തുടര്‍ന്ന് കുതിരവട്ടത്ത് ചികിത്സയ്‌ക്കെത്തിച്ച യുവതി ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിമാറ്റിയാണ് രക്ഷപ്പെട്ടത്. മഞ്ചേരി മെഡി. കോളജില്‍ നിന്നാണ് പ്രതിയെ കുതിരവട്ടത്തേക്ക് റഫര്‍ ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3.45നാണ് പൂനംദേവി കുതിരവട്ടത്ത് പ്രവേശിപ്പിക്കപ്പെട്ടതെങ്കിലും പുലര്‍ച്ചെ 12.15നു ശേഷം രക്ഷപ്പെടുകയായിരുന്നു.

കടുത്തരീതിയില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെ ഒന്നാംനിലയിലെ ഫോറന്‍സിക് വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്.
വാര്‍ഡിലെ ശുചിമുറിയുടെ ഗ്രില്‍ ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റര്‍ ഹോള്‍ വഴി താഴെ ഇറങ്ങുകയും ശേഷം അവിടെയുണ്ടായിരുന്ന കേബിള്‍ വയറില്‍ തൂങ്ങി പുറത്തെത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. പൂനംദേവി രക്ഷപ്പെട്ടെന്നു വ്യക്തമായ ഉടന്‍ നഗരത്തിലുടനീളം പോലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. വേങ്ങര പോലീസിലും വിവരം അറിയിച്ചു.

രാവിലെ 7.30ന് കോഴിക്കോട് നിന്ന് ബസില്‍ കയറിയ പൂനം വേങ്ങരയില്‍ ബസ് ഇറങ്ങുമ്പോഴേക്കും നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കൊലക്കേസ് പ്രതികളെയും മറ്റും പ്രത്യേകമായി താമസിപ്പിക്കുന്ന ഫോറന്‍സിക് വാര്‍ഡ് മണിക്കൂറുകള്‍ ഇടവിട്ട് പെട്രോളിങ് നടത്തപ്പെടുന്ന വാര്‍ഡാണ്. ഇവിടെനിന്നാണു പൂനംദേവി രക്ഷപ്പെട്ടത്. സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. കുഞ്ഞിനെ കാണാന്‍ വേണ്ടി പോകുന്നുവെന്നാണ് അവരോട് പറഞ്ഞത്. ശുചിമുറി ഏറെ സമയം തുറക്കാതെയായതോടെയാണ് പ്രതി രക്ഷപ്പെട്ട കാര്യം മനസിലായത്. ജനുവരി 31ന് രാത്രിയിലായിരുന്നു യുവതി ഭര്‍ത്താവിനെ സാരികൊണ്ട് കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ചു കൊന്നത്.

സംഭവത്തില്‍ കാമുകന്റെ പങ്കും പോലീസ് അന്വേഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച അറസ്റ്റിലായ യുവതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *