കോഴിക്കോട്: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റുകൾ,2,4 മുടിപിൻവളവുകൾ, വ്യൂ പോയന്റുന് താഴ്ഭാഗം എന്നിവിടങ്ങളിൽ വാഹനം നിർത്തി ഇറങ്ങുന്ന സഞ്ചാരികളിൽ നിന്ന് 2023 ഫെബ്രുവരി ഒന്ന് മുതൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള യൂസർഫീയായി 20 രൂപ വാങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാൽ യാത്രക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഈ നടപടിയിൽ നിന്ന് പിൻമാറണമെന്നും കോഴിക്കോട്ടെ ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വിനയരാജ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ശേഷം ഇറക്കിയ ഉത്തരവിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഈ അറിയിപ്പ് സംബന്ധിച്ച തുടർ നടപടികൾ അറിയിക്കണമെന്നും ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ സെക്രട്ടറിയോട് ആവശ്യപ്പെട്ടിണ്ട്.
ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിലും അഴകോടെ ചുരം സീറോ വേസ്റ്റ് ചുരം പദ്ധതിയുടെ റിവ്യൂ മീറ്റിങ്ങിലുമാണ് യൂസർ ഫീ ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളോട് യൂസർഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഫെബ്രുവരി ഒന്നിന് യൂസർ ഫീ ഈടാക്കി തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് ഫീ ഈടാക്കൽ ചട്ടവിരുദ്ധമാണെന്ന ഉത്തരവ് വന്നിരിക്കുന്നത്.
പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള 24 ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന് ദിവസം നാല് പേരെ വീതം ചുരത്തിൽ ഗാർഡുമാരായി നിർത്തി ചുരം ശുചീകരണം നടത്താനാണ് ഗ്രാമപഞ്ചായത്ത് തീരുമാനം. ഇവരുടെ പ്രവർത്തനങ്ങൾക്കും മാലിന്യ സംസ്കരണത്തിനുമുള്ള യൂസർഫീ ആയാണ് ചുരത്തിൽ നിർത്തി ഇറങ്ങുന്ന വാഹനങ്ങളിൽ നിന്ന് 20 രൂപ വാങ്ങാൻ തീരുമാനിച്ചതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം




