റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രീഷ്മക്കെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍

January 26, 2023 - 10:48 pm

തിരുവനന്തപുരം: കൊലപാതകത്തിനൊപ്പം തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പാറശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരേ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ വകവരുത്തിയതാണെന്നും നടന്നത് ആസൂത്രിത കൊലപാതകമെന്നും കുറ്റപത്രം. ഗ്രീഷ്മ അറസ്റ്റിലായി 85-ാമത്തെ ദിവസമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗ്രീഷ്മ പലവട്ടം പറഞ്ഞിട്ടും പ്രണയത്തില്‍നിന്നു പിന്മാറാന്‍ ഷാരോണ്‍ തയാറായില്ല. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ പത്ത് മാസം നീണ്ട ആസൂത്രണത്തിനൊടുവില്‍ കൊലപാതകം നടത്തിയതെന്നും തിരുവനന്തപുരം റൂറല്‍ പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കഷായത്തിലും ജ്യൂസിലും വിഷം കലര്‍ത്തുന്ന രീതികള്‍ ആയിരത്തിലേറെ തവണ ഗ്രീഷ്മ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു. ഇതിന്റെ ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷാരോണും ഗ്രീഷ്മയും ഒന്നര വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ഉയര്‍ന്ന സാമ്പത്തികനിലയുള്ള തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. ഒകേ്ടാബര്‍ 14-നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ ഷാരോണിനെ വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കിനല്‍കിയത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാരോണ്‍ 25-ന് മരിച്ചു. മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. ഇതിന് മുമ്പ് ഷാരോണിന്റെ കോളജില്‍ പോയി മടങ്ങിവരുന്ന വഴിയും ഗ്രീഷ്മ ജൂസില്‍ പാരസറ്റമോള്‍ കലര്‍ത്തി നല്‍കിയിരുന്നു.കൊലപാതകം മറയ്ക്കാന്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്നു തെളിവുകള്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചനാ കുറ്റം ചുമത്തിയിട്ടില്ല.

കാര്‍പ്പിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന ഫൊറന്‍സിക് ഡോക്ടറുടെ മൊഴി നിര്‍ണായകമായി. വിഷം നല്‍കിയ കുപ്പി പ്രതികള്‍ തെളിവെടുപ്പില്‍ കണ്ടെടുത്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിെവെ.എസ്.പി. റാസിത്താണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിെവെ.എസ്.പി. ജോണ്‍സണ്‍ പോലീസ്- ഗുഡാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലാണ്. ഷാരോണ്‍ കേസിന്റെ വിചാരണ കേരളത്തില്‍ത്തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കുറ്റപത്രം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *