റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജഡ്ജിയുടെ പേരില്‍ കൈക്കൂലി: ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ ആരോപണം

January 24, 2023 - 4:37 pm

എറണാകുളം: ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ വന്‍ തോതില്‍ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. 72 ലക്ഷം രൂപ ഇത്തരത്തില്‍ കൈപ്പറ്റിയെന്ന് വിജിലന്‍സ് വിഭാഗത്തിന് നാല് അഭിഭാഷകര്‍ മൊഴി നല്‍കി.

ഒരു ജഡ്ജിയുടെ പേരില്‍ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം രൂപ ചിലവായി. 15 ലക്ഷം രൂപയാണ് ഫീസ് ആയി സൈബി വാങ്ങിയത്. അഞ്ച് ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞുവെന്നാണ് മൊഴി. സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും, ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ്, അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നു. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.

അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാമെന്നും ഹൈക്കോര്‍ട്ട് വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ഫുള്‍ കോര്‍ട്ടിന്റെ ശുപാര്‍ശയില്‍ സൈബി ജോസിനെതിരെ നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ആരോപണ വിധേയനായ സൈബി ജോസ് കിടങ്ങൂര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *