റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

January 23, 2023 - 11:59 am

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-1 ന് എഫ്.സി. ഗോവയാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്.

ഇകേര്‍ ഗുരോറ്റ്ക്‌സെന, നോവ സദോയി, റെഡീം തലാംഗ് എന്നിവര്‍ ഗോവയ്ക്കു വേണ്ടി ഗോളടിച്ചു. ദിമിത്രി ഡയമാന്റകോസാണു ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഗോളടിച്ചത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനെ 4-0 ത്തിനു തോല്‍പ്പിച്ചിരുന്നു. മാര്‍കോ ലെസ്‌കോവിച് ഇല്ലാതെ ഇറങ്ങിയ രണ്ടു മത്സരങ്ങളില്‍ നിന്നായി ബ്ലാസ്‌റ്റേഴ്‌സ് ഏഴു ഗോളുകളാണു വഴങ്ങിയത്. ജയത്തോടെ ഗോവ 14 കളികളില്‍നിന്ന് 23 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. അവരുടെ സീസണിലെ ഏഴാം ജയമായിരുന്നു അത്. 25 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തു തുടര്‍ന്നു.

ഇവാന്‍ വുകുമാനോവിച്ചിന്റെ ശിഷ്യന്‍മാര്‍ 42 ശതമാനം സമയത്തായിരുന്നു പന്തടക്കം പുലര്‍ത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാം പകുതി മികച്ചതായില്ല. മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ അവര്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസപ്പെട്ടു.
35-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വീണു. സൗരവ് ബ്രണ്ടന്‍ സില്‍വയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഗുരക്‌സേനക്ക് പിഴച്ചില്ല. 39-ാം മിനിറ്റില്‍ മൊറോക്കന്‍ താരം നോവ ഗോവയെ ഗോളിന് അടുത്തുവരെയെത്തിച്ചു. ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമായിരുന്നു. 43-ാം മിനിറ്റില്‍ നോവ തന്നെ ഗോവയുടെ രണ്ടാം ഗോളടിച്ചു. സന്ദീപിന്റെ ഒരു ബാക്ക് ഹെഡര്‍ കാല്‍ക്കലാക്കിയാണു നോവ ഗോളടിച്ചത്. രണ്ടാം പകുതി തുടങ്ങി വൈകാതെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയുടെ ഫ്രീ കിക്കിനെ ഹെഡറിലൂടെ ദിമിത്രിയോസ് വലയിലാക്കി. പക്ഷേ ആ ഗോളില്‍ അവരുടെ പോരാട്ടം അവസാനിച്ചു.

69-ാം മിനിറ്റില്‍ റെഡീം തലാംഗിലൂടെ ഗോള്‍ മൂന്നാം ഗോളുമടിച്ച് ഗോവ ജയം ഉറപ്പിച്ചു. ബ്രണ്ടന്റെ പാസിലായിരുന്നു ഈ ഗോള്‍. ഗോവ കോച്ച് കാര്‍ലോസ് ഗൊണ്‍സാലസ് പെന 4-2-3-1 ഫോര്‍മേഷനിലാണു ടീമിനെ ഇറക്കിയത്. ഇവാന്‍ വുകുമാനോവിച് 4-4-2 ഫോര്‍മേഷനിലും ടീമിനെ ഇറക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *