ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി

ഭുവനേശ്വര്‍: ന്യൂസിലന്‍ഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നു തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ന്യൂസിലന്‍ഡ് ആദ്യമായാണു ലോകകപ്പ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്.

ഇന്ത്യ 26 നു നടക്കുന്ന മത്സരത്തില്‍ ജപ്പാനെതിരേ ക്ലാസിഫിക്കേഷന്‍ റൗണ്ടില്‍ മത്സരിക്കും. ന്യൂസിലന്‍ഡ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടും. ഇന്നലെ വൈകിട്ടു നടന്ന രണ്ടാമത്തെ ക്രോസ് ഓവറിന്റെ മുഴുവന്‍ സമയത്ത് ഇരുവരും 3-3 നു സമനില പാലിച്ചതിനാലാണു ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിലെ രണ്ട് സെറ്റിലുമായി ഇന്ത്യയുടെ ഷംഷേര്‍ സിങ്, സുഖ്ജീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, ഷംഷേര്‍ സിങ്, അഭിഷേക് എന്നിവര്‍ക്കു ലക്ഷ്യം കാണാനായില്ല. രാജ് കുമാര്‍ പാല്‍ രണ്ടുവട്ടവും സുഖ്ജീത് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ ഒരുവട്ടവും ഗോളടിച്ചു. ഫിന്‍ഡ്‌ലെ സീന്‍ രണ്ട് സെറ്റിലും ഗോളടിച്ചു. ലെയ്ന്‍ സാം, ഫിലിപ്‌സ് ഹെയ്ഡന്‍, വുഡ്‌സ് നിക് എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. മൂവരുടെയും ഓരോ ശ്രമങ്ങള്‍ വിഫലമായി.

മുഴുവന്‍ സമയത്ത് ലളിത് കുമാര്‍ ഉപാധ്യായയുടെ ഗോളില്‍ ഇന്ത്യ മുന്നിലെത്തിയിരുന്നു. 24-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ സുഖ്ജീത് സിങ് ലീഡ് ഇരട്ടിയാക്കി. 28-ാം മിനിറ്റില്‍ ലെയ്ന്‍ സാം ന്യൂസിലന്‍ഡിന്റെ ആദ്യ ഗോളടിച്ചു. 40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വലയിലാക്കി വരുണ്‍ കുമാര്‍ ഇന്ത്യക്ക് ആധിപത്യം നല്‍കി. 43-ാം മിനിറ്റില്‍ റസല്‍ കെയ്‌നും 49-ാം മിനിറ്റില്‍ ഫിന്‍ഡ്‌ലെ സീനും ഗോളടിച്ചതോടെ ന്യൂസിലന്‍ഡ് സമനില പിടിച്ചു. ഇന്ത്യയുടെ മന്‍പ്രീത് സിങും ന്യൂസിലന്‍ഡിന്റെ വുഡ്‌സ് നികും പച്ചക്കാര്‍ഡ് കണ്ടു. മലയാളി താരവും ഗോള്‍ കീപ്പറുമായ പി.ആര്‍. ശ്രീജേഷിന് പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. കൃഷന്‍ ബഹാദൂര്‍ പഥകാണ് പകരം ഗോള്‍വല കാത്തത്. പന്ത് സേവ് ചെയ്യുന്നതിനിടെയാണു ശ്രീജേഷിനു പരുക്കേറ്റത്.

ലോകകപ്പിലെ ആദ്യ ക്രോസ് ഓവര്‍ മത്സരത്തില്‍ സ്‌പെയിന്‍ മലേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) തോല്‍പ്പിച്ചിരുന്നു. മുഴുവന്‍ സമയത്ത് 2-2 നു സമനിലയായതോടെയാണു ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പൂള്‍ എ ജേതാക്കളായ ഓസ്‌ട്രേലിയയെയാണു സ്‌പെയിന്‍ നേരിടുക. കളിയുടെ 35-ാം മിനിറ്റില്‍ ഫൈസല്‍ സാരിയിലൂടെ മലേഷ്യ മുന്നിലെത്തി. വൈകാതെ മാര്‍ക് മിറേലസിലൂടെ സ്‌പെയിന്‍ തിരിച്ചടിച്ചു. ഒരു മിനിറ്റ് കഴിഞ്ഞ സാവിയര്‍ ഗിസ്‌പെര്‍ട്ടിലൂടെ അവര്‍ മുന്നിലെത്തി. തുടരെ സ്പാനിഷ് ഗോള്‍ മുഖത്തു കയറിയിറങ്ങിയ മലേഷ്യ ഷെലോ സില്‍വേറിയസിലൂടെ മലേഷ്യ സമനില പിടിച്ചു. ഷൂട്ടൗട്ടിലെ ആദ്യ സെറ്റ് 3-3 നു സമനിലയായി. ഫിര്‍ഹാന്‍ അഷാരി, ഫൈസല്‍ സാരി, സുഹൈമി ഷാഹ്‌മി ഇര്‍ഫാന്‍ എന്നിവര്‍ മലേഷ്യക്കു വേണ്ടി ഗോളടിച്ചു. മാര്‍ക് മിറേലസ്, ബൊണാസ്ട്ര ജോര്‍ഡി, സാവിയര്‍ ഗിസ്‌പെര്‍ട്ട് എന്നിവര്‍ സ്‌പെയിനു വേണ്ടിയും ഗോളടിച്ചു. മലേഷ്യയുടെ മര്‍ഹാന്‍ ജലീല്‍, ഷെലോ സില്‍വേറിയസ് എന്നിവര്‍ക്കും ആല്‍വാരോ ഇഗ്‌ലേസിയസ്, മാര്‍ക് റെയ്‌ന എന്നിവര്‍ക്കും ഗോളടിക്കാനായില്ല. സഡന്‍ ഡെത്തില്‍ മാര്‍ക് മിറേലസ് ഗോളടിച്ചപ്പോള്‍ ഫിര്‍ഹാന്‍ അഷാരിക്കു പിഴച്ചു. പൂള്‍ ഡിയില്‍ ഇന്ത്യക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണു സ്‌പെയിന്‍ ഫിനിഷ് ചെയ്തത്. ഇം ണ്ട് ഒന്നാം സ്ഥാനക്കാരായി നേരിട്ടു ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

ഇന്നു നടക്കുന്ന ക്രോസ് ഓവറുകളില്‍ അര്‍ജന്റീന ദക്ഷിണ കൊറിയയെയും ജര്‍മനി ഫ്രാന്‍സിനെയും നേരിടും. 24 മുതലാണു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ഇന്ത്യ പൂള്‍ സിയിലെ അവസാനത്തെ മത്സരത്തില്‍ വെയ്ല്‍സിനെ 4-2 നു തോല്‍പ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പൂളിലെ അവസാന മത്സരത്തില്‍ സ്‌പെയിനെ 4-0 ത്തിനു തോല്‍പ്പിച്ച് ഇം ണ്ട് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു.

Share
അഭിപ്രായം എഴുതാം