കൊച്ചി: കപ്രിക്കാട് മിനി മൃഗശാലയിൽ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഒന്നരക്കോടിയോളം രൂപ തട്ടാൻ റജിസ്റ്ററിൽ ഗുരുതരമായ കൃത്രിമം നടത്തിയത് വ്യക്തമായി. മ്ലാവിന്റെ കൂട്ടിൽ കുഞ്ഞു പിറന്നതായി തെറ്റായി രേഖയുണ്ടാക്കിയാണ് സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കിയത്. പ്രാഥമിക അന്വേഷണത്തെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി നിർത്താൻ വനം വിജിലൻസ് ശുപാർശ ചെയ്തു.
വനം വിജിലൻസിന്റെയും കൺസർവേറ്ററുടെയും അന്വേഷണം മുറുകിയപ്പോൾ എണ്ണം ഒപ്പിക്കാൻ പഴയ റജിസ്റ്ററുകളിൽ കുഞ്ഞ് ജനിച്ചതായി വീണ്ടും എഴുതിച്ചേർത്ത ‘ഉദ്യോഗസ്ഥ ബുദ്ധി’ പക്ഷേ, പേജിന്റെ കാർബൺ പകർപ്പുകളിൽ ഇതേ തിരുത്തലുകൾ വരുത്താൻ വിട്ടു പോയി. വർഷങ്ങളായി വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ഇതോടെ ബോധ്യമായ എറണാകുളം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ മനു സത്യനാണ് പ്രാഥമിക റിപ്പോർട്ട് നൽകിയത്.
വർഷങ്ങളായി ഒരേ കരാറുകാരൻ തന്നെയാണ് വനം വകുപ്പിന്റെ വിവിധ മൃഗ പരിപാലന കേന്ദ്രങ്ങളിൽ തീറ്റ എത്തിക്കുന്നത്. കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും പരിപാലകരും ചേർന്നുള്ള കൂട്ടുകച്ചവടത്തിന്റെ പങ്ക് ഉന്നത ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു. ഇതു പുറത്തു വരുമെന്നായപ്പോഴാണ് റജിസ്റ്ററുകളിൽ തിരുത്തലുകൾ നടത്തിയത്.
കപ്രിക്കാട് ‘അഭയാരണ്യ’ത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലൻസ് കഴിഞ്ഞ ദിവസം കണ്ടു കെട്ടി. രേഖകളുടെ പരിശോധന രണ്ടു ദിവസത്തിനുളളിൽ പൂർത്തിയാക്കും. തിരുത്തലുകൾ വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കയ്യക്ഷര പരിശോധനയ്ക്കായി ഫൊറൻസിക് വിഭാഗത്തിന്റെ സഹായവും തേടും. ആരോപണങ്ങൾ ശരിവച്ചു കൊണ്ടും ഗൗരവമായ തുടരന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും ആണ് വിജിലൻസ് പ്രാഥമിക റിപ്പോർട്ട് നൽകിയത്.
.2019 ലാണ് കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചതായി കണക്ക് – 46. ദൈനംദിന റജിസ്റ്ററിൽ വൻ കൃത്രിമം നടത്തി. പേന കൊണ്ട് എഴുതിയ പരിശോധനാ റിപ്പോർട്ടിൽ ‘നാലാം എൻക്ലോഷറിൽ കുഞ്ഞ് ജനിച്ചതായി കാണുന്നു’ എന്ന് കൂട്ടിച്ചേർത്തു. പേജിന്റെ കാർബൺ പകർപ്പിൽ പക്ഷേ, ഈ വിവരം ഇല്ല. ഇങ്ങനെ ഒട്ടേറെ പേജുകളിൽ കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലുകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
∙ ‘വനം വകുപ്പിന് നാണക്കേടുണ്ടാക്കുന്ന ഗൗരവമായ വിവരങ്ങളാണ് പുറത്തു വരുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് വനം മന്ത്രി എകെ.ശശീന്ദ്രൻ പറഞ്ഞു.



