റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമ്പത് വർഷം മുമ്പ് യുവതി വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് യുവതി വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് പൂഴിക്കുന്ന് പറങ്കിമാംവിള ലക്ഷംവീട് കോളനിയിൽ രതീഷ് (35) അറസ്റ്റിലായി. നേമം സ്വദേശിയായ അശ്വതിയെ ഭർത്താവ് രതീഷ് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു വെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2013 മാർച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു അശ്വതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയുമില്ലാതിരുന്ന അശ്വതിയെ പ്രണയിച്ചാണ് ഓട്ടോ ഡ്രൈവറായിരുന്ന രതീഷ് വിവാഹം ചെയ്തത്. സ്ഥിരമായി മദ്യപിക്കുമായിരുന്ന രതീഷ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇതേത്തുടർന്ന് അശ്വതിയുടെ മുത്തശ്ശി നൽകാമെന്ന് സമ്മതിച്ചിരുന്ന മൂന്ന് സെന്റ് ഭൂമി നൽകാൻ വിസമ്മതിച്ചു. ഇതും അശ്വതിയോടുള്ള ഉപദ്രവം വർദ്ധിക്കാൻ കാരണമായി. ഉപദ്രവം കൂടിയതോടെ അശ്വതിയുടെ അമ്മൂമ്മ ബന്ധു വീട്ടിലേക്ക് മാറി.അന്ന് രണ്ട് വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു അശ്വതി.

സംഭവ ദിവസം കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അശ്വതിയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം രതീഷ് തീകൊളുത്തിയത്. വീട്ടുടമസ്ഥയായ ശാന്തയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയായി എഴുത്തിത്തള്ളുകയായിരുന്നു. തെളിയാതെ കിടക്കുന്ന കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.അശ്വതി മരിച്ച ദിവസം രതീഷിന്റെ കൈയിൽ പൊള്ളലേറ്റിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റെന്നായിരുന്നു ആദ്യം രതീഷ് പൊലീസിനോട് പറഞ്ഞത്. അതേസമയം,​ അശ്വതിയുടെ ഉള്ളം കൈകളിൽ പൊള്ളലില്ലാതിരുന്നതും സംശയത്തിനിടയാക്കി. രതീഷിന്റെ കൈയിലേറ്റ പൊള്ളൽ അശ്വതിയുടെ ശരീരത്തിൽതൊട്ടപ്പോഴുണ്ടായതല്ലെന്ന് ഡോക്ടർ വ്യക്തമാക്കിയതും കൊലപാതക സാദ്ധ്യതയിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *