ഇലന്തൂര്‍ നരബലി: പ്രതികള്‍ മനുഷ്യമാംസം കഴിച്ചെന്നു സ്ഥിരീകരണം

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ കൊലചെയ്യപ്പെട്ട സ്ത്രീകളുടെ ആന്തരികാവയവങ്ങള്‍ പാകംചെയ്തു കഴിച്ചതായി സ്ഥിരീകരണം. പാകം ചെയ്യാനും മറ്റും ഉപയോഗിച്ച കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം കൊലപ്പെടുത്തിയ റോസിലിയുടെ കരളാണു ഭക്ഷിച്ചതെന്നു രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും മൊഴി നല്‍കി. പദ്മയുടെ ആന്തരാവയവങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹത്തോടൊപ്പം കുഴിച്ചിട്ട നിലയിലായിരുന്നു. അവയവങ്ങള്‍ കാണാതായതോടെ സംഭവത്തില്‍ അവയവ മാഫിയയ്ക്കു പങ്കുണ്ടോ എന്നും സംശയിച്ചിരുന്നു.

നരബലി പൂജയുടെ ഭാഗമായി കരളും മറ്റു ചില അവയവങ്ങളും പച്ചയ്ക്കു കഴിക്കണമെന്നു ഷാഫി ഉപദേശിച്ചതായി മൊഴിയില്‍ പറയുന്നു. ”അതു ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ പാചകം ചെയ്തു കഴിച്ചാലും മതിയെന്നു ഷാഫി പറഞ്ഞു. ഫ്രീസറില്‍ സൂക്ഷിച്ചുവച്ചശേഷം പിന്നീടാണു പാചകം ചെയ്തത്. തങ്ങള്‍ രുചിച്ചുനോക്കുക മാത്രമാണു ചെയ്തത്. ഷാഫി ബാക്കി കഴിച്ചു. ഇരകളുടെ മാംസം പ്രസാദമായതിനാല്‍ മറ്റുള്ളവര്‍ക്കും നല്‍കാന്‍ ഷാഫി നിര്‍ബന്ധിച്ചെങ്കിലും തങ്ങള്‍ തയാറായില്ല.

68 വയസുകാരനായ ഭഗവല്‍ സിങ്ങിനു ശാരീരികശേഷി കൂട്ടാന്‍ ഒറ്റമൂലി എന്ന നിലയ്ക്കാണു ശരീരഭാഗങ്ങള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടത്. തങ്ങള്‍ ഒരുമിച്ചിരുന്നാണു കഴിച്ചത്. ഏറെ താല്‍പര്യത്തോടെയാണു ഷാഫി കഴിച്ചത്”-ലൈല മൊഴി നല്‍കി. എന്നാല്‍, ഈ മൊഴി ഷാഫി സമ്മതിച്ചിട്ടില്ല. മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങള്‍ കുഴിച്ചിട്ട ശേഷമാണു മാറ്റിവച്ച മാംസം പൂജ ചെയ്തു ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും ഷാഫി കൈമാറിയത്. പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതു തടയാന്‍, കേസ് രജിസ്റ്റര്‍ ചെയ്തു 90 ദിവസം തികയുന്ന അടുത്ത 12 നകം കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →