മലപ്പുറം: പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ജനകീയ ഹോട്ടലിന് കഴിഞ്ഞു.
തൊഴില്‍ സംരംഭം എന്നതിലപ്പുറം സാമൂഹ്യ ഉത്തരവദിത്വം നിറവേറ്റാനും ഇതിലൂടെ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനകീയ ഹോട്ടലിന്റെ കമ്പ്യൂട്ടര്‍ വത്കരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും ഒരു നേരം ഊണ് ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിശപ്പ് രഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടല്‍ സംരംഭവും ആരംഭിച്ചത്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നല്‍കുക എന്നതാണ് ജനകീയ ഹോട്ടല്‍ പദ്ധതിയുടെ ലക്ഷ്യം. 20 രൂപയ്ക്കാണ് ഊണ് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ 1198 ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 139 എണ്ണം മലപ്പുറത്താണ്. ജില്ലയിലാണ് കൂടുതല്‍ ജനകീയ ഹോട്ടലുകളുള്ളത്.
ശരാശരി 30,000 ഊണുകള്‍ പ്രതിദിനം മലപ്പുറം ജില്ലയില്‍ ഈ പദ്ധതിയിലൂടെ നല്‍കുന്നുണ്ട്. നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍, കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ എം കക്കൂത്ത്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ കെ.ടി ജിജു, ജനകീയ ഹോട്ടല്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് പി സി റംല, സെക്രട്ടറി വി.മീര സുരേഷ് എന്നിവര്‍ സംസാരിച്ചു.
