സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി പരക്കെ മഴയ്ക്ക് നവംബർ 14 മുതല്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണു കണക്ക് കൂട്ടല്‍. ഈ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴ പെയ്യും. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് പുതുച്ചേരി തീരത്തോട് ചേര്‍ന്ന് നിലനിന്നിരുന്ന ന്യൂനമര്‍ദം ദുര്‍ബലപ്പെട്ടു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്‌നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം / ചക്രവാതചുഴിയായി പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്ന് ഈ മാസം 16 ന് പുതിയതായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം