ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടാത്തതിനെ തുടർന്ന് വൈദ്യുതി ടവറിൽ കയറി ആംആദ്മി പാർട്ടി നേതാവിന്റെ നാടകീയ പ്രകടനം. ഈസ്റ്റ് ഡൽഹിയിലെ ഗാന്ധിനഗറിൽ നിന്നുള്ള ആംആദ്മി പാർട്ടി കൗൺസിലറായ ഹസീബുൽ ഹസൻ ആണ് ടവറിന് മുകളിൽ കയറിയത്.
കാര്യം അന്വേഷിച്ചെത്തിയ നിരവധിപേർ നിലത്തിറങ്ങാൻ നേതാവിനെ നിർബന്ധിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. വരാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ താൻ ദേഷ്യത്തിലാണെന്നും ടിക്കറ്റ് തന്നില്ലെങ്കിൽ താഴെയിറങ്ങില്ല എന്നുമായിരുന്നു കാരണംതിരക്കിയവരോടുള്ള മറുപടി.
സ്ഥാനാർഥിത്വം നൽകാതെ അവസാന നിമിഷത്തിൽ പാർട്ടി തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഹസീബുൽ ഹസൻ ആരോപിച്ചു. സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും പാർട്ടിയുടെ നിർദേശപ്രകാരം ഹാജരാക്കിയ അസ്സൽ രേഖകൾ തനിക്ക് തിരികെ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു

