ബംഗളൂരു: യൂറോപ്പ് യാത്ര കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതിമാര്‍ കണ്ടത് പൂജാമുറിയില്‍ അപരിചിതന്റെ മൃതദേഹം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അസം സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് പിന്നീട് വ്യക്തമാക്കി.ഐടി ജീവനക്കാരനായ ശ്രീധര്‍ സുമന്ദ് റോയിയുടെ ഇന്ദിരാനഗറിലെ വീട്ടിലായിരുന്നു സംഭവം. ആംസ്റ്റര്‍ഡാമില്‍ നിന്നും തിരിച്ചെത്തിയ ശ്രീധറും ഭാര്യയും വീടിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന വാതില്‍ തുറക്കാന്‍ ആളെ കൊണ്ടുവന്നു. തുടര്‍ന്ന് അകത്തുകടന്ന ദമ്പതിമാര്‍ക്ക് വീട് കൊള്ളയടിക്കപ്പെട്ടതായി മനസിലായി. അകത്തുനിന്ന് പൂട്ടിയ പൂജാമുറിയുടെ വാതില്‍പ്പഴുതിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍തന്നെ പോലീസിനെയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. അസം സ്വദേശിയായ ദിലീപ് ബഹദൂര്‍ എന്ന ദിലീപ്കുമാറാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
രാത്രി വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ദിലീപ് കുമാര്‍ മരിക്കുന്നതിന് മുമ്പ് മണിക്കൂറുകളോളം വീടിനുള്ളില്‍ ചെലവഴിച്ചതായി പോലീസ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ അടുക്കളയില്‍ കയറി ലക്ഷുഭക്ഷണം കഴിക്കുകയും പിന്നീട് കുളിക്കുകയും അതിനുശേഷം അയാള്‍ തന്നെ കൊണ്ടുവന്ന വസ്ത്രം മാറ്റി ധരിക്കുകയും പിന്നീട് കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് അറിയിച്ചു. ദിലീപ് കുമാര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അവ്യക്തമാണ്. ഒരുപക്ഷെ വീട്ടുകാര്‍ മടങ്ങിയെത്തിയതിന്റെ പരിഭ്രമത്തില്‍ ഇയാള്‍ ജീവനൊടുക്കിയതാവാമെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം, വീടിന്റെ പിന്‍വാതിലില്‍ കൂടി ഇയാള്‍ക്ക് രക്ഷപ്പെടാമായിരുന്നു എന്ന സാധ്യതയും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ ആത്മഹത്യ, പ്രത്യേകിച്ച് പൂജാമുറിയില്‍ തന്നെ ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് നിലവില്‍ വ്യക്തതയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

