റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു: പക്ഷിയുടെ ചിറകേറി ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ ജയിലില്‍നിന്നു പുറത്തുകടന്ന് ജന്മനാട് സന്ദര്‍ശിച്ചതായി പാഠപുസ്തകം! ചരിത്രം വളച്ചൊടിക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ബി.ജെ.പി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കര്‍ണാടകത്തില്‍ പുതിയ പാഠപുസ്തകവിവാദം. കര്‍ണാടകത്തിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് വിവാദ ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണു സവര്‍ക്കാര്‍ അവിശ്വസനീയ സഞ്ചാരം നടത്തിയതത്രേ! ജയില്‍ സന്ദര്‍ശിച്ച കെ.കെ. ഗട്ടിയുടെ വ്യക്തിഗത വിവരണമെന്ന നിലയിലാണ് പാഠഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിനു വായൂസഞ്ചാരം പോലുമില്ലാത്ത ജയില്‍മുറിയിലായിരുന്നു സവര്‍ക്കറെ അടച്ചിരുന്നത്. എങ്കിലും സവര്‍ക്കര്‍ എല്ലാ ദിവസവും ജന്മനാടു സന്ദര്‍ശിച്ചിരുന്നു. സെല്ലില്‍ പതിവായെത്തുന്ന ബുള്‍ബുള്‍ പക്ഷിയുടെ ചിറകേറിയായിരുന്നത്രേ സഞ്ചാരം! ഭൂമിയില്‍ സ്പര്‍ശിക്കാതെയുള്ള സവര്‍ക്കറുടെ ഈ യാത്ര ജയില്‍ അധികൃതര്‍ അറിഞ്ഞിരുന്നുമില്ല. കൃത്യസമയത്തുതന്നെ അദ്ദേഹം ജയില്‍മുറിയില്‍ തിരികെയെത്തുകയും ചെയ്തിരുന്നതായാണു പാഠപുസ്തകത്തില്‍ പറയുന്നത്.

വിനായക ചതുര്‍ഥിദിനത്തില്‍ ശിവമൊഗ്ഗയില്‍ ഗണേശവിഗ്രഹത്തിനൊപ്പം സ്ഥാപിച്ചിരുന്ന സവര്‍ക്കറുടെ ചിത്രങ്ങള്‍ നീക്കിയതു സംഘര്‍ഷത്തില്‍ കലാശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണു പുതിയ വിവാദം. പാഠഭാഗത്തിലെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷനിര രംഗത്തെത്തി. അതിശയോക്തിപരമായ വിവരണത്തിലുപരിയായി സവര്‍ക്കറെയും ആര്‍.എസ്.എസ്. നേതാക്കളെയും മഹത്വവല്‍ക്കരിക്കാനായി ചരിത്രം വളച്ചൊടിക്കുന്ന ബി.ജെ.പി. നീക്കങ്ങളുടെ അവസാനത്തെ ഉദാഹരണമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *