റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി(എ.എ.പി.)യെ പിളര്‍ത്തി ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ആഗസ്റ്റ് 26 ന് ചേരും. മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ ആഗസ്റ്റ് 25 ന് എം.എല്‍.എമാരുടെ യോഗം വിളിച്ചു. ആഗസ്റ്റ് 24 ന് വൈകുന്നേരം ചേര്‍ന്ന എ.എ.പി. രാഷ്ട്രീയകാര്യ കമ്മിറ്റി യോഗത്തിനു ശേഷമാണ് എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, മഹാരാഷ്ട്ര മോഡലില്‍ ഡല്‍ഹി സര്‍ക്കാരിനെയും വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നതായി എ.എ.പി. ആരോപണം ഉയര്‍ത്തിയത്.അതേസമയം, പാര്‍ട്ടി വിടാനായി തങ്ങളുടെ നാല് എം.എല്‍.മാര്‍ക്കു ബി.ജെ.പി. 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് എ.എ.പി. നേതാക്കള്‍ ആരോപിച്ചു. കൂടുതല്‍ എം.എല്‍.എമാരെ ഒപ്പംകൊണ്ടുവന്നാല്‍ 25 കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ”20 കോടിയെന്ന വാഗ്ദാനം സ്വീകരിക്കുക അല്ലെങ്കില്‍ മനീഷ് സിസോദിയയെപ്പോലെ സി.ബി.ഐ. കേസ് നേരിടുക” എന്നു ബി.ജെ.പി. നേതാക്കള്‍ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയെന്നും മുതിര്‍ന്ന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അജയ് ദത്ത്, സഞ്ജീവ് ഝാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെയാണു അവരോട് അടുപ്പമുള്ള ബി.ജെ.പി. നേതാക്കള്‍ സമീപിച്ചതെന്നു എ.എ.പി. ദേശീയ വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് പറഞ്ഞു. ”ഡല്‍ഹിയില്‍ എം.എല്‍.എമാരെ അടര്‍ത്തിമാറ്റാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. മനീഷ് സിസോദിയയില്‍ മറ്റൊരു ഷിന്‍ഡെയെ കണ്ടെത്താനായിരുന്നു ബി.ജെ.പിയുടെ ശ്രമം. അതു പരാജയപ്പെട്ടു. പണവും ഭീഷണിയും ഉപയോഗിച്ച് എം.എല്‍.എമാരെ അടര്‍ത്തിമാറ്റാനാണു ശ്രമം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തി വിലയ്ക്ക് വാങ്ങി. എന്നാല്‍ ഇത് ഡല്‍ഹിയാണ്.”- സഞ്ജയ് സിങ് പറഞ്ഞു.എന്നാല്‍, ആരോപണങ്ങള്‍ ബി.ജെ.പി. നിഷേധിച്ചു. മദ്യനയവുമായി ബന്ധപ്പെട്ടു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍നിന്നും സി.ബി.ഐ. കേസില്‍നിന്നും ശ്രദ്ധതിരിക്കാനാണു എ.എ.പിയുടെ ശ്രമമമെന്നു ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *