റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് 20 ന് – ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മീഷൻ

August 18, 2022 - 10:13 pm

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്ക് ഈ മാസം 20ന് നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ  ഉപയോഗിക്കാം. 35 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പതിനെട്ട് വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 49 പുരുഷൻമാരും 62 സ്ത്രീകളും.

ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടർപട്ടികയിൽ 18,201 പുരുഷൻമാർ, 20,608 സ്ത്രീകൾ, രണ്ട് ട്രാൻസ്‌ജെൻഡറുകൾ എന്നിങ്ങനെ 38,811 വോട്ടർമാരുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. സുഗമവും സമാധാനപരവുമായ തിരഞ്ഞെടുപ്പിനുള്ള ക്രമസമാധാനപാലന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്‌സർവർമാർ നേരിട്ട് നിരീക്ഷിക്കും.

വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും 19 ന് ഉച്ചയോടെ അതത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. വോട്ടെടുപ്പിന് ശേഷം അവ ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് സ്‌ട്രോംങ് റൂമിൽ സൂക്ഷിക്കും. ഇതിനായി സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഏഴ് ടീമുകളെ നിയമിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്‌സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്ററും സജ്ജമാക്കും.
പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11 ന് നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *