കൊച്ചി: മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്തെത്തി. നിരോധിത സാറ്റെലെറ്റ് ഫോണ്‍ ഉപയോഗിച്ച യു.എ.ഇ. പൗരനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നു സ്വപ്ന പറഞ്ഞു. നിരോധിത ഫോണുമായി യു.എ.ഇ. പൗരന്‍ അഞ്ചു ദിവസം കേരളത്തില്‍ കഴിഞ്ഞ സംഭവത്തില്‍ തുടരന്വേഷണം നടത്തിയില്ല.
രാജ്യത്തു നിരോധിച്ച സാറ്റെലെറ്റ് ഫോണ്‍ ഉപയോഗിച്ച യു.എ.ഇ. പൗരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നു. കൊറിയന്‍ നിര്‍മ്മിത തുെറെയ എന്ന ഫോണ്‍ കൈവശം വച്ചുവെന്ന സംഭവത്തില്‍ സി.ഐ.എസ്.എഫ്. ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റെലെറ്റ് ഫോണാണു തുെറെയ എന്നാണ് ആരോപണം.
2017 ജൂലൈ നാലിനാണു സി.ഐ.എസ്.എഫ്. നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്തെങ്കിലും കോടതി ജാമ്യം നല്‍കി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടല്‍ നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം.കോണ്‍സല്‍ ജനറലിന്റെ ആവശ്യപ്രകാരമാണു യു.എ.ഇ. പൗരനെ വിട്ടയച്ചത്. ഇതിനായി എം. ശിവശങ്കര്‍ വഴിയാണ് ഇടപെടല്‍ നടത്തിയത്. യു.എ.ഇ. പൗരനായതുകൊണ്ടു കോണ്‍സല്‍ ജനറലിനെ വിവരം അറിയിച്ചു. തുടര്‍ന്നു മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചു. കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ശിവശങ്കറിനോടു കാര്യങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബന്ധപ്പെട്ട ശിവശങ്കര്‍ കോണ്‍സല്‍ ഓഫിസില്‍ നിന്നു പ്രതിനിധിയെ നെടുമ്പാശേരി സ്റ്റേഷനിലേക്കു വിടാന്‍ പറയുകയും ഇതുപ്രകാരം പി.ആര്‍.ഒയെ അയക്കുകയും ചെയ്തു. പോലീസ് ഓഫിസര്‍ എഴുതി കൊടുത്ത സത്യവാങ്മൂലത്തിന്റെ മാതൃകയില്‍ കോണ്‍സുലേറ്റിന്റെ ലെറ്റര്‍പാഡില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ലെറ്റര്‍പാഡില്‍ എഴുതി കോണ്‍സുല്‍ ജനറല്‍ ഒപ്പിട്ട സത്യവാങ്മൂലത്തിന്റെ കോപ്പി പി.ആര്‍.ഒയ്ക്കു വാട്ട്സ്ആപ്പിലൂടെ അയച്ചു കൊടുത്തു. നിരോധിതവും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതുമായ സാറ്റലൈറ്റ് ഫോണുമായി ദിവസങ്ങളോളം എന്താണു ചെയ്തതെന്ന് അന്വേഷണം നടത്താതെയാണ് യു.എ.ഇ. പൗരനെ രാജ്യം വിടാന്‍ അനുവദിച്ചത്. ഇതിനു മുഖ്യമന്ത്രി മറുപടി പറയാന്‍ ബാധ്യതയുണ്ട്. മകള്‍ വീണയുടെ വ്യക്തിപരവും സാമ്പത്തികവുമായി നേട്ടത്തിനു വേണ്ടിയാണിതെല്ലാം ചെയ്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ കൂടുതല്‍ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. ഇതു സംബന്ധിച്ച രേഖകളും സ്വപ്ന മാധ്യമങ്ങളെ കാണിച്ചു.



