പുതിയകാല രോഗങ്ങളെ പ്രതിരോധിക്കാൻ സമൂഹം ഒന്നാകെ ഒത്തുചേർന്നുള്ള ഇടപെടൽ ഉണ്ടാകണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം ഒന്നായി ആരോഗ്യ പരിപാലന രംഗത്തേയ്ക്ക് ഇറങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുക എന്നതാണ് ഈ ആരോഗ്യമേളയുടെയും ലക്ഷ്യം. രോഗം വരാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ എല്ലാ വ്യക്തികൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിവിധ ആരോഗ്യ സേവനങ്ങളെപ്പറ്റിയും സർക്കാരിന്റെ ആരോഗ്യ പദ്ധതികളെപ്പറ്റിയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആരോഗ്യമേളയുടെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 26 മുതൽ ജൂലൈ 17 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. രക്തദാനം, കുടുംബശ്രീ പ്രവർത്തകർക്കും, ആശ പ്രവർത്തകർക്കുമുള്ള മത്സര പരിപാടികൾ, ക്വിസ് മത്സരം, സെമിനാറുകൾ, റാലി, എക്സിബിഷൻ, രോഗ നിർണയ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾ ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ എ സി മൊയ്തീൻ എം എൽ എ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാൽ, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ്, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കുമാർ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



