റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ : തൃശ്ശൂർ ചാവക്കാട് തീരമേഖലയിൽ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയിൽ മൂന്നരയോടെ വീശിയ മിന്നൽ ചുഴലിയിൽ വ്യാപക നാശം. ഒരു മിനിട്ടിൽ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും അതിശക്തമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി മരങ്ങൾ കടപുഴകി വീണു. തേക്ക് മരം ദേശീയപാതയിലേക്ക് വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നിരവധി വീടുകൾക്കും കേടുപാടുപറ്റി. അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ നാല് പേർ മരിച്ചു.

അതേസമയം, സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്ന് നാല് പേർ മരിച്ചു. കോഴിക്കോട് രണ്ട് പേർ മുങ്ങി മരിച്ചു. വയനാട് മണ്ണിടിഞ്ഞാണ് ഒരാൾ മരിച്ചത്. കാസർഗോഡ് തെങ്ങ് വീണ് പരിക്കേറ്റ വിദ്യാർത്ഥിയും മരിച്ചു. കോഴിക്കോട് മാവൂരിൽ ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ച് കയറി വിവാഹ സത്കാരം താറുമാറായി. ജലനിരപ്പ് കൂടിയതിനാൽ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ. കാസർഗോഡ് മഞ്ചേശ്വരത്താണ് കാറ്റിൽ തെങ്ങ് വീണ് പതിമൂന്ന് കാരൻ മരിച്ചത്. മാധ്യമ പ്രവർത്തകനായ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ സ്വാൻ അരുൺ ക്രാസ്റ്റയാണ് മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ അറക്കൽപാടത്ത് പതിമൂന്നുകാരൻ മുഹമ്മദ് മിർഷാദ് കുളത്തിൽ വീണ് മരിച്ചു. എടച്ചേരിയിൽ പായൽ നിറഞ്ഞ കുളത്തിൽ വീണാണ് ആലിശേരി സ്വദേശി അഭിലാഷിന് ജീവൻ നഷ്ടമായത്. നാൽപ്പത് വയസ്സായിരുന്നു. വയനാട് തോട്ടുമച്ചാൽ കാട്ടിക്കൊല്ലിയിൽ മൺതിട്ട ഇടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളിയായ നായ്ക്കപടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട് മാവൂരിലാണ് മഴ ഏറെ ദുരിതം വിതച്ചത്. വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ചു കയറി ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ സർവ്വതും നശിച്ചു.

ചാലിയാറിൽ വെള്ളം ഉയർന്നതാണ് മാവൂർ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കക്കയം ഡാമിൻറെ ഷട്ടറുകൾ രണ്ടും ഉയർത്തിയ നിലയിലാണ്. മഴ ശക്തമായി തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന അറിയിപ്പുണ്ട്. അതിനാൽ കുറ്റിയാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. മലപ്പുറം നിലമ്പൂർ മേഖലയിലും ശക്തമായ മഴയുണ്ട്. പാലക്കാടും മഴ ശക്തമാണ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തപ്പെട്ടതിനാൽ മലമ്പുഴ ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു. കൽപ്പാത്തിപുഴ, ഭാരതപ്പുഴ എന്നിവിയിൽ നീരൊഴുക്ക് കൂടാനിടയുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അട്ടപ്പാടി ചുരം റോഡിൽ വലിയ

വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 19-ാം തിയതി വരെയാണ് നിയന്ത്രണം. കണ്ണമ്പ്രയിൽ വീടിനുമുൻപിൽ ഗർത്തം രൂപപ്പെട്ടു. കണ്ണമ്പ്ര കൊട്ടേക്കാടിലാണ് സംഭവം.തൃശൂരിലും കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായി. തൃശൂർ ചാവക്കാട് മേഖലയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി. ആറ് വീടുകൾക്കും കേടുപറ്റി വടക്കൻ കേരളത്തിലെ തീരപ്രദേശത്ത് പലയിടത്തും കടൽക്ഷോഭവും രൂക്ഷമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *