റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊന്നാനി കര്‍മ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

July 1, 2022 - 8:42 pm

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ റോഡിനെയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ പള്ളിക്കടവിലാണ് പാലം നിര്‍മിക്കുന്നത്. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും ഒരുങ്ങുന്നത്. 330 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഒന്‍പത് മീറ്റര്‍ വീതിയുള്ള രണ്ട് വരി പാതയാണ് ഉണ്ടാകുക. ഇതിനോട് ചേര്‍ന്ന് ഒരുവശത്ത് രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയുണ്ടാകും.

പത്ത് സ്പാനുകളുള്ള പാലത്തില്‍ ഒരു സ്ലാബിന്റെ നിര്‍മാണ പ്രവൃത്തികളാണ് ഇനി ബാക്കിയുള്ളത്. 11 കാലുകളോടുകൂടിയ പാലത്തിന് ശരാശരി 66 മീറ്റര്‍ ആഴത്തിലും 1.20 മീറ്റര്‍ വ്യാസത്തിലുമുള്ള 66 കോണ്‍ഗ്രീറ്റ് കാസ്റ്റിന് സിറ്റു പൈലുകളുണ്ടാകും. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡ് ഉണ്ടാകും. കൂടാതെ ഇതിനോടനുബന്ധിച്ച് 520 മീറ്റര്‍ ഹാര്‍ബര്‍ റോഡ് നവീകരിക്കും. അപ്രോച്ച് നിര്‍മാണ പ്രവൃത്തികളും ഡ്രൈനേജിന്റെ നിര്‍മാണ പ്രവൃത്തിയും പുരോഗമിക്കുകയാണ്.

പാലത്തില്‍ കൈവരികളും നിര്‍മിക്കുകയും അപ്രോച്ച് റോഡില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കയും ചെയ്തിട്ടുണ്ട്. പാലം നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് പി.നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങള്‍ പ്രകാരമാണ് പാലത്തിന്റെ നിര്‍മാണം. പാലത്തിന്റെ മധ്യത്തില്‍ 45 മീറ്റര്‍ വീതിയും ആറ് മീറ്റര്‍ ഉയരമുണ്ടാകും. കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസമാകാത്ത തരത്തിലാണ് മധ്യഭാഗത്തെ ഉയരം. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം യാഥാര്‍ഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനും ഈ വഴി സഹായകമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *