റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ

June 20, 2022 - 9:07 pm

– വായനപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം

വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സുല്ലിട്ട് കുട്ടിക്കൂട്ടം. എറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് വ്യത്യസ്തമായ ക്വിസ് മത്സരം നടന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ എഴുത്തുകാരി ആര് എന്ന  ആദ്യ ചോദ്യത്തിന് കുട്ടികള്‍ക്ക്  ഉത്തരം നല്‍കാനായില്ല. എന്നാല്‍ ബുക്കര്‍ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജകമണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി. സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി.  കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാരാരെന്നും ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ കുട്ടികളുടെ മറുപടി. ഒരു മണിക്കുറോളം കുട്ടികളുമായി സംവദിച്ച് ഏഴ് കവിതാശകലങ്ങള്‍ ചൊല്ലിയും  ഉത്തരം മുട്ടിച്ച ഒരു കടങ്കഥ ചോദ്യവുമടക്കം 15 ചോദ്യങ്ങള്‍ ചോദിച്ചാണ് മന്ത്രി മടങ്ങിയത്. വിജയികള്‍ക്ക് ഫലകവും പുസ്തകവും സ്മ്മാനമായി നല്‍കി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് സംഘടിപ്പിക്കുന്ന വായനമരം തത്സമയ ക്വിസ് മത്സര പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ വായനദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്. ബീന, നഗരസഭാംഗങ്ങളായ രശ്മി ശ്യാം, ഇ.എസ്. ബിജു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ്, സെക്രട്ടറി എന്‍. ചന്ദ്രബാബു, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി പി. ജി.എം. നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ സി. വിനോദ് കുമാര്‍, എം. ആര്‍. എസ് സൂപ്രണ്ട് അഞ്ജു എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്  പബ്ലിക് റിലേഷന്‍സ് – പൊതുവിദ്യാഭ്യാസ വകുപ്പുകള്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, യുവജന
ക്ഷേമ ബോര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *