തൃശ്ശൂർ : സംസ്കരിക്കാൻ കൊണ്ടുപോയ മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റുമോർട്ടം നടത്തിയ സംഭവത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര വീഴ്ച എന്ന് പോലീസ്. മരണം സംഭവിച്ച വിവരം പോലീസിനെ രേഖാമൂലം അറിയിച്ചത് ഉച്ചയോടെ മാത്രമാണ്. മരണം നടന്ന വിവരം ഡ്യൂട്ടി ഡോക്ടർ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പോലീസ് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
മരണവിവരം അറിഞ്ഞ് പോലീസാണ് പോസ്റ്റ് മോർട്ടം വേണമെന്ന് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. ആശുപത്രിയുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്നത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചശേഷമാണെന്നും പോലീസ് പറയുന്നു.
ഖബറടക്കത്തിന് വിട്ടുകൊടുത്ത് മൃതദേഹം തിരിച്ചു വാങ്ങിയത് പോസ്റ്റ് മോർട്ടം നടത്താതിരുന്നാൽ ആണെന്ന് തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് വിശദീകരിച്ചിരുന്നു. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി പട്ടിശ്ശേരി വളപ്പ് യൂസഫിന്റെ മൃതദേഹമാണ് മെഡിക്കൽ കോളേജിൽ തിരിച്ചെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയത്. മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. മൃതശരീരം പള്ളിയിൽ ഖബറടക്കം നടത്തുന്നതിനിടയിലാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘം എത്തി മൃതദേഹം തിരികെ വാങ്ങിയത്.
11/06/22 ശനിയാഴ്ചയാണ് യൂസഫിന്റെ മരണം സംഭവിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോസ്റ്റ് മോർട്ടം നടപടികൾ ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. രാവിലെ ഡ്യൂട്ടി ഡോക്ടർ എത്തിയപ്പോഴാണ് പോസ്റ്റ് മോർട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കൽ കോളേജ് അധികൃതർ മരിച്ചവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. ജനപ്രതിനിധികൾ ഇടപെട്ടതോടെ ബന്ധുക്കൾ മൃതദേഹം വിട്ടുനൽകുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയത്.
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടങ്ങിയ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും. 2022 ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് യൂസഫിന് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം 14/06/22 ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തും. അപകടത്തിൽ പരിക്കേറ്റ യൂസഫ് ഓർത്തോ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.


