ആലപ്പുഴ: കായംകുളത്തും കൊല്ലത്തും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 40 ഓളം പേരെ കായംകുളം ഗവണ്മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കൊല്ലത്ത് കൊട്ടാരക്കര കല്ലുവാതുക്കല്‍ അംഗണവാടിയിലാണ് നാലുകുട്ടികള്ക്ക വിഷബാധയേറ്റത്.
കായംകുളം കരീലക്കുളങ്ങര ടൗണ്‍ യുപി സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് പ്രഥമിക നിഗമനം . 2022 ജൂണ്‍ 3ന് വെളളിയാഴ്ച വൈകിട്ട് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് രാത്രിതന്നെ പലരും ചികിത്സ തേടി. ശനിയാഴ്ചയാണ് കൂടുതല്‍ പേര്‍ക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായത്. ആരോഗ്യ വകുപ്പധികൃതര്‍ സ്കൂളിലെത്തി വെളളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ ശേഖരിച്ചു. 593 കുട്ടികളും 19 അദ്ധ്യാപകരും ഉച്ചഭക്ഷണം കഴിച്ചതായി അധികൃതര്‍ പറഞ്ഞു.
കല്ലുവാതുക്കല്‍ അംഗണവാടിയില്‍ വെളളിയാഴ്ച പഴകിയ അരി ഉപയോഗിച്ചുളള ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെ രക്ഷകര്‍ത്താക്കളും നാട്ടുകാരും അംഗണവാടിക്കുമുന്നില് പ്രതിഷേധവുമായി എത്തുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അംഗണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ടുതേടി. സമഗ്ര അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും കടുത്ത ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.



