ആലുവ: രണ്ടു മക്കളുമായി ആലുവ മണപ്പുറം പാലത്തിൽ നിന്ന് ഉല്ലാസ് ഹരിഹരൻ ചാടി ആത്മഹത്യ ചെയ്തു. 04/06/2022 വൈകിട്ട് നാലരയോടെയാണ് സംഭവം. മക്കളുമായി പാലത്തിലെത്തിയ ഉല്ലാസ് ഹരിഹരൻ ആദ്യം ഏകനാഥ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ മകനെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് മകൾ കൃഷ്ണപ്രിയ ഭയന്നു, നിലവിളിച്ചു, ജീവൻ രക്ഷിക്കാനായി ഓടാൻ തുനിഞ്ഞു. അപ്പോഴേക്കും ഉല്ലാസ് അവളെ ചേർത്തുപിടിച്ചു. പിന്നെ അവളുമായി പെരിയാറിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിപ്പോയി.
കുടുംബ പ്രശ്നമാണ് ഉല്ലാസ് ഹരിഹരൻ മക്കളുമായി പെരിയാറിന്റെ മരണക്കയത്തിലേക്ക് പോകാൻ കാരണം എന്നാണ് പ്രാഥമിക വിവരം. വൈകിട്ട് ഈ സംഭവം നടക്കുമ്പോൾ പാലത്തിൽ ആളുകളുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും അഗ്നി രക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഏകനാഥിന്റെയും കൃഷ്ണപ്രിയയുടെയും അപ്പോഴും ചേതനയറ്റ് പോകാത്ത ശരീരങ്ങളുമായി കരയ്ക്ക് കയറി. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരും ജീവൻ വെടിഞ്ഞു.
രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിൽ 6.30 ഓടെ ഉല്ലാസ് ഹരിഹരന്റെ മൃതദേഹവു0 കിട്ടി. പുഴയുടെ അടുത്ത് നിന്ന് കണ്ടെത്തിയ സ്കൂട്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ഇടപ്പള്ളി പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കൽപ്പണിക്കാരനായ ഉല്ലാസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലെ കുടു0ബപ്രശ്നങ്ങളാകാ0 ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.



