പട്ന: ബിഹാറില്‍ ജാതി സെന്‍സസ് സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷനേതാവ് തേജസ്വി യാദവിന്റെ ആവശ്യമംഗീകരിച്ചും സഖ്യകക്ഷിയായ ബി.ജെ.പിയെ വെട്ടിലാക്കിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അപ്രതീക്ഷിത നീക്കം. മെയ് 27-നു നടക്കുന്ന സര്‍വകക്ഷിയോഗത്തിന്റെ അഭിപ്രായമാരാഞ്ഞശേഷം ജാതി സെന്‍സസ് നടപടികള്‍ ഉടനാരംഭിക്കുമെന്ന് നിതീഷ് വ്യക്തമാക്കി.
സര്‍വകക്ഷിയോഗത്തിലെ നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ചചെയ്തശേഷമാകും തുടര്‍നടപടി. 27-നു സര്‍വകക്ഷിയോഗം വിളിക്കുന്നതു സംബന്ധിച്ച് ചില രാഷ്ട്രീയകക്ഷികളുമായി സംസാരിച്ചു. മറ്റ് ചില കക്ഷികളുടെ പ്രതികരണം കാക്കുകയാണെന്നും നിതീഷ് വ്യക്തമാക്കി.
ജാതി സെന്‍സസ് ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്കു മാര്‍ച്ച നടത്തുമെന്ന് ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു നിതീഷിന്റെ തിടുക്കത്തിലുള്ള നീക്കം. തുടര്‍ന്ന്, തേജസ്വിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, ജാതി സെന്‍സസ് സംബന്ധിച്ച രൂപരേഖയും ചര്‍ച്ചചെയ്തു. സഖ്യകക്ഷിയായ ബി.ജെ.പിയെ അലോസരപ്പെടുത്തുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു നിതീഷിന്റെ നടപടി. എന്നാല്‍, ഈ കൂടിക്കാഴ്ചയേത്തുടര്‍ന്നാണു തങ്ങളുടെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരേ പുതിയ കേസില്‍ സി.ബി.ഐ. റെയ്ഡുണ്ടായതെന്ന് ആര്‍.ജെ.ഡി. ആരോപിക്കുന്നു. സി.ബി.ഐ. റെയ്ഡിലൂടെ മുഖ്യമന്ത്രി നിതീഷ് കുമാറിനും വ്യക്തമായ സന്ദേശം നല്‍കുകയായിരുന്നു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ലക്ഷ്യം.



